മുറിയിലെ വെളിച്ചത്തിൽ വിക്രമനും സാദിഖും തല തിരിച്ചു നോക്കി. കൈകൾ പിന്നിലേക്കു തിരിച്ച് വിലങ്ങിട്ടിരുന്നതിനാൽ അവർക്ക് തിരിയാൻ തന്നെ ബുദ്ധിമുട്ടായിരുന്നു.
മുന്നിൽ കാക്കിയണിഞ്ഞ സ്ത്രീകളെ മാത്രം കണ്ടപ്പോൾ അവർ അമ്പരന്നു.
എസ്.ഐ വിജയ, ഒരു കസേരയിലെ പൊടി തട്ടിക്കളഞ്ഞ് അവർക്കു മുന്നിലേക്കു നീക്കിയിട്ട് അതിലിരുന്നു.
''ഞാൻ വിജയ." അവൾ പറഞ്ഞു.
പെട്ടെന്ന് വിക്രമനും സാദിഖും അവളെ തിരിച്ചറിഞ്ഞു.
രാഹുൽ സാറ് ഇവളെക്കുറിച്ചാണു പറഞ്ഞത്! കാക്കിക്കുള്ളിൽ, കടമെടുത്തതു പോലെയുള്ള മേനി....
വിജയയുടെ ശബ്ദം അവരെ ചിന്തയിൽ നിന്നുയർത്തി.
''ഇനി നിന്നെയൊക്കെ രക്ഷിക്കാൻ മുഖ്യമന്ത്രിയല്ല, അവന്റെ അപ്പൻ മുൻ ആഭ്യന്തരമന്ത്രി ഇനിയൊരു ജന്മമെടുത്തു വന്നാൽ പോലും നടക്കില്ല. അതുകൊണ്ട് ഞങ്ങൾ ചോദിക്കുന്നതിന്റെ ഉത്തരങ്ങൾ മണിമണിയായി പറഞ്ഞോണം. വളരെ പെട്ടെന്ന്."
വിജയ, ശാന്തിനിക്കു നേരെ തിരിഞ്ഞു.
''അതിങ്ങ് കൊണ്ടുവാ... "
ശാന്തിനി രണ്ടടി നീളവും ഒന്നരയിഞ്ച് കനവുമുള്ള ഒരു ഇരുമ്പ് കമ്പി കൊണ്ട് വന്ന് വിജയയെ ഏല്പിച്ചു.
വിക്രമന്റെയും സാദിഖിന്റെയും കണ്ണുകൾ കുറുകി.
''പോലീസിനെ ആധുനികവൽക്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. പിസ്റ്റൾ ഇടതുഭാഗത്തു നിന്ന് വലത്തേക്കു മാറ്റുന്നു... പഴയ ബ്രിട്ടീഷ് പോലീസിന്റെ മർദ്ദനമുറകൾ അവസാനിപ്പിക്കുന്നു... പത്രം വായിക്കുന്നുണ്ടെങ്കിൽ നീയൊക്കെ അത് അറിഞ്ഞുകാണും.
അതിനുവേണ്ടി കുറച്ചുദിവസത്തെ ട്രെയിനിംഗ് ഉണ്ട് ഞങ്ങൾക്ക്. അത് കഴിഞ്ഞാൽ നിന്നെയൊക്കെ ഇങ്ങനെ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലോ? അതുകൊണ്ട് തൽക്കാലം പഴയ ബ്രിട്ടീഷ് പോലീസാകുകയാണ് ഞങ്ങൾ."
പറഞ്ഞതും വിജയ കമ്പിവടി ഉയർത്തി ഒറ്റയടി. വിക്രമന്റെ കാൽ മുട്ടിൽ.... ചിരട്ട പൊട്ടും പോലെ ഒരു ശബ്ദം.
''ആ..... " അയാൾ അലറാനായി വാ പകുതി തുറന്നതേയുള്ളൂ.
വിജയ കമ്പിവടിയുടെ അഗ്രം വിക്രമന്റെ വായിലേക്കു കുത്തിക്കയറ്റി.
അയാളുടെ പല്ലുകൾ കമ്പിയിൽ മുറുകി....
മുട്ടുതകർന്ന കാൽ, നടുവിന് അടിയേറ്റ പാമ്പിനെപ്പോലെ പിടഞ്ഞുകൊണ്ടിരുന്നു....
''ഞങ്ങൾ എന്തുചെയ്താലും നിന്റെയൊന്നും ശബ്ദം പുറത്തുവരരുത്. മനസ്സിലായോ?"
വിക്രമനു മിണ്ടാൻ സാധിക്കില്ല ഇരുമ്പുവടി വായിൽ ഇരിക്കുന്നതിനാൽ...
സാദിഖിനാണെങ്കിൽ ഭീതി കാരണം നാവു വരണ്ടുപോയി....
''ഈ അടി എന്തിനെന്ന് നീയൊക്കെ ചിന്തിക്കുന്നുണ്ടാവും. ഒരു ടോക്കൺ അഡ്വാൻസ്. ഞങ്ങൾ വളരെ ക്രൂരമായി പെരുമാറും എന്നുള്ളതിന്റെ മുന്നറിയിപ്പ്. "
വിജയ വിക്രമന്റെ വായിൽ നിന്നു കമ്പി മാറ്റി.
''സമയം വളരെ കുറവാണ്. ഇനി ചോദ്യം തുടങ്ങുന്നു. അതിനിടയിൽ നീയൊക്കെ മരണപ്പെട്ടാലും ഞങ്ങൾക്ക് ഒന്നുമില്ല. കാരണം നിങ്ങളെ ഞങ്ങൾ കസ്റ്റഡിയിൽ എടുത്തതിന് സാക്ഷികളോ തെളിവുകളോ ഇല്ല."
വിജയ കസേരയിൽ നിവർന്നിരുന്നു. ഇരുമ്പുവടിയുടെ ഒരറ്റം തറയിൽ ഊന്നി.
പിങ്ക് പോലീസിലെ ബാക്കി അഞ്ചുപേരും ചുറ്റും നോക്കിനിന്നു.
വിജയ തിരക്കി:
''ഈ രാത്രിയിൽ നിന്റെയൊക്കെ യജമാനന്റെ എന്ത് കൽപ്പന നടപ്പാക്കാനാടാ ഇറങ്ങി പുറപ്പെട്ടത്?"
ഒരു നിമിഷം ഇരുവരും മിണ്ടിയില്ല.
വിജയ വീണ്ടും വടി ഉയർത്തി.
''അടിക്കല്ലേ സാർ... " സാദിഖ് കേണു. ''ഞാൻ പറയാം. മുൻ മുഖ്യമന്ത്രിയുടെ ജാരസന്തതി എവിടെയാണെന്ന് അറിയാൻ... "
വിജയ പുരികം ചുളിച്ചു.
''അതെന്തിന്? "
''അദ്ദേഹത്തെ തിരികെ ഏൽപ്പിക്കാൻ അങ്ങനെയായിരുന്നു അവർ തമ്മിലുള്ള ഉടമ്പടികളിൽ ഒന്ന്. "
വിജയ, സാദിഖിനെ സൂക്ഷിച്ചു നോക്കി.
''പിന്നെ എന്തൊക്കെ ചെയ്തുകൊടുക്കണമെന്നാണ് അവൻ നിങ്ങളോട് പറഞ്ഞിരിക്കുന്നത്? "
സാദിഖ് പതറി.
''സാർ... അത്.... "
''അടി വേണോടാ? "
''അയ്യോ.. വേണ്ടാ."
''എങ്കിൽ പറയ്. "
''മാഡത്തിനെ അദ്ദേഹത്തിന്റെ മുന്നിൽ എത്തിക്കണമെന്ന്.... "
വിജയ ഒന്നു ഞെട്ടി. എങ്കിലും അത് പുറത്ത് കാട്ടിയില്ല.
''അവന്റെ മുന്നിലോടാ അതോ അവന്റെ കിടപ്പറയിലോ?"
അവളുടെ തീക്ഷണമായ നോട്ടത്തെ അഭിമുഖീകരിക്കാൻ കഴിഞ്ഞില്ല സാദിഖിന്...
അയാൾ എല്ലാം പറഞ്ഞു.
''അപ്പോൾ അതാണ് അവന്റെ ഉള്ളിൽ... " വിജയ ക്രൂരമായി ചിരിച്ചു.
[തുടരും]