വാഷിംഗ്ടൺ: വേർമണ്ട് സംസ്ഥാനത്തെ ഫെയർ ഹാവെൻ പട്ടണത്തിൽ ലിങ്കൺ മേയറായി. പക്ഷേ, കക്ഷി ഒരു ആടാണ് എന്ന് മാത്രം. മൂന്നു വയസുള്ള ആടിനെയാണ് മേയർ പദവിയിലേക്ക് ഉയർത്തിയത്.
ടൗൺ മാനേജർ ജോ ഗുന്തറിന്റെ വകയായിരുന്നു ഇങ്ങനെ വിചിത്രമായൊരു ആശയം. ശരിക്കും ഹാവെനിൽ മേയർ സ്ഥാനമില്ല. സ്കൂൾ കളിക്കളം ഉൾപ്പെടെയുള്ള നിമ്മാണ പ്രവർത്തനങ്ങൾക്കായി പണപ്പിരിവ് നടത്താനാണ് ഈ കൗതുകരീതികൾ അവലംബിക്കുന്നത്. സ്കൂൾ കളിക്കളം നിർമാണത്തിന് പണമുണ്ടാക്കാൻ ഒരു മൃഗപ്രദർശനം വച്ച് അഞ്ചു ഡോളർ (360 രൂപ) വീതം ടിക്കറ്റ് പിരിവെടുത്തിരുന്നു.
ഇവിടെ പ്രദർശനത്തിനായി കൊണ്ടു വന്ന വളർത്തു മൃഗങ്ങളിൽ നിന്നാണ് ലിങ്കണെ തെരഞ്ഞെടുത്തത്. കിട്ടിയ വോട്ട് 13. രണ്ടാമനായത് 10വോട്ട് കിട്ടിയ സമിയെന്ന നായയാണ്. അടുത്ത ചൊവാഴ്ചയാണ് ലിങ്കണിന്റെ സ്ഥാനാരോഹണം. 2500 പേർ താമസിക്കുന്ന ഹാവെൻ പട്ടണത്തിൽ ഒട്ടേറെ ചടങ്ങുകളിൽ ലിങ്കൺ അതിഥിയായി എത്തും.