vijayalashmi

ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നടി വിജയലക്ഷ്മി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സാ ചെലവുകൾക്കായി സിനിമാ പ്രവർത്തകരോട് സഹായം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് കന്നട നടൻ രവി പ്രകാശ് വിജയലക്ഷ്മിയെ കാണാൻ ആശുപത്രിയിലെത്തുകയും ഒരു ലക്ഷം രൂപ ധനസഹായം നൽകുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരത്തിന്റെ ശല്യം കാരണം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് വിജയലക്ഷ്മി.

രവി പ്രകാശിൽ നിന്ന് പണം സ്വീകരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സ്വഭാവം മാറുകയായിരുന്നു. പിന്നീട് എപ്പോഴും ഫോണിൽ സന്ദേശങ്ങൾ അയച്ച് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് വിജയലക്ഷ്മി ആരോപിക്കുന്നു. രവി പ്രകാശിന്റെ ശല്യം സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞാണ് ഇവർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ വിജയലക്ഷ്മിയുടെ പരാതി വ്യാജമാണെന്നാണ് രവി പ്രകാശ് പറയുന്നത്.

1997ൽ കന്നട സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച വിജയലക്ഷ്മി തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലും ജയപ്രദയും പ്രധാന വേഷങ്ങളിൽ എത്തിയ ദേവദൂതൻ എന്ന ചിത്രത്തിൽ വിജയലക്ഷ്മി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹിപ്പ്-ഹോപ്പ് ആദിയുടെ മീസയെ മുറുക്ക് എന്ന തമിഴ് സിനിമയിലാണ് ഇവർ അവസാനമായി അഭിനയിച്ചത്.