v

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാൻ ആരെ സ്ഥാനാർത്ഥിയാക്കണമെന്ന കാര്യത്തിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഇതുവരെ ധാരണയായില്ല. പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന കോൺഗ്രസ് സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും സ്ഥാനാർത്ഥികളെ സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടായില്ല. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ മത്സരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നെങ്കിലും തീരുമാനമായില്ല. ആലപ്പുഴ, ആറ്റിങ്ങൽ, എറണാകുളം, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിൽ ആര് മത്സരിക്കണമെന്ന കാര്യത്തിലും മുതിർന്ന നേതാക്കൾ മത്സരിക്കുന്ന കാര്യത്തിലും രാഹുൽ ഗാന്ധി തീരുമാനമെടുക്കും.

നേരത്തെ എം.എൽ.എമാർ മത്സരിക്കേണ്ടെന്നായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. എന്നാൽ ഉമ്മൻചാണ്ടിയെ പ്പോലുള്ള പ്രമുഖർ മത്സരിക്കണമെന്നതും എൽ.ഡി.എഫ് ആറ് എം.എൽ.എ മാരെ രംഗത്തിറക്കിയതും മാറ്രി ചിന്തിക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചു. സി.പി.എം. നാല് എം.എൽ.എമാരെയും സി.പി.ഐ രണ്ട് പേരെയുമാണ് രംഗത്തിറക്കിയിരിക്കുന്നത്. എന്നാൽ എം.എൽ എമാർ കൂട്ടത്തോടെ മത്സരരംഗത്ത് വരുന്നത് ആരോഗ്യകരമായിരിക്കില്ലെന്നാണ് നേതൃത്വം ഇപ്പോൾ ചിന്തിക്കുന്നത്.

ഇടുക്കിയിൽ നിന്ന് മത്സരിക്കാൻ ഉമ്മൻചാണ്ടി വിമുഖത കാണിക്കുകയാണ്. തൃശൂരിൽ നിന്ന് മത്സരിക്കണമെന്ന് വി.എം.സുധീരനോട് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ മത്സരിക്കുന്ന കാര്യത്തിൽ കെ.പി.സി. സി പ്രസിഡന്റ് മുല്ലപ്പള്ളിക്കും വലിയ താല്പര്യമില്ലാതായിട്ടുണ്ട്. ഉമ്മൻചാണ്ടിയെക്കൂടാതെ അടൂർ പ്രകാശ്, ഷാഫിപറമ്പിൽ , ഹൈബി ഈഡൻ, എ.പി.അനിൽകുമാർ തുടങ്ങി ചില എം.എൽ എ മാരുടെ പേരുകളാണ് സ്ഥാനാർത്ഥി പട്ടികയിലേക്ക് വന്നിരിക്കുന്നത്. എന്നാൽ പിന്നാലെ തനിക്ക് മത്സരിക്കാൻ താതപര്യമില്ലെന്ന് എ.പി.അനിൽകുമാർ വ്യക്തമാക്കി. അതേസമയം, നേരത്തെ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ച കെ.സുധാകരൻ കണ്ണൂരിൽ നിന്ന് മത്സരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ശശി തരൂർ(തിരുവനന്തപുരം), എം.കെ രാഘവൻ(കോഴിക്കോട്), കൊടിക്കുന്നിൽ സുരേഷ്(മാവേലിക്കര) തുടങ്ങിയവരും മത്സരിക്കുമെന്ന് ഉറപ്പാണ്.