സൈബീരിയ: മഞ്ഞുമനുഷ്യനെ മാത്രമല്ല, വേണമെങ്കിൽ മഞ്ഞ് കട്ട കൊണ്ട് ഒരു ബെൻസ് തന്നെ നിർമ്മിക്കാം. മഞ്ഞുവണ്ടിയിൽ ഒരു തണുപ്പൻ റൈഡിന് തയ്യാറാണെങ്കിൽ നേരെ സൈബീരിയയിലേക്ക് വിടാം. സൈബീരിയയിൽ താമസമാക്കിയ റഷ്യൻ സ്വദേശി വ്ലാഡിസ്‌ലാക് ബരാഷെൻകോയുടെ മഞ്ഞുകട്ട കൊണ്ട് നിർമ്മിച്ച മെർസെഡിസ് ബെൻസ് ജി വാഗണിൽ നഗരം ചുറ്റിവരാം.
നോവോസിബിർസ്‌ക് നഗരത്തിൽ ഗരാഷ് 54 എന്ന പേരിൽ സ്വന്തമായൊരു കാർ ഷോപ്പ് നടത്തുകയാണ് ലാഡിസ്‌ലാക് ബരാഷെൻകോ. മഞ്ഞുലോകമായ സൈബീരിയയിലെ ഈ വാഹനപ്രേമിയുടെ ഏറെ നാളത്തെ ആഗ്രഹമാണ് വ്യത്യസ്തമായ ഈ കണ്ടുപിടിത്തത്തിനു പിന്നിൽ. വാഹനത്തിന്റെ ടയറും എൻജിനും സ്റ്റിയറിംഗും സീറ്റും എല്ലാം സാധാരണപോലെയാണെങ്കിലും ബോഡി മുഴുവനായ് നിർമ്മിച്ചിരിക്കുന്നത് മഞ്ഞുകൊണ്ടാണ്. സോവിയറ്റ് കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന യു.എ.ഇസെഡ്- 469 മിലിട്ടറി ജീപ്പിന്റെ ചട്ടക്കൂടിൽ മെർസെഡിസ് ജി.വാഗണിന്റെ മാതൃകയിലുള്ള സ്റ്റീൽ ബേസ് നിർമ്മിച്ച് അതിനു മുകളിലാണ് ഐസ് ബോഡി തയ്യാറാക്കിയിരിക്കുന്നത്. 8000 കിലോഗ്രാം ഐസാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞുകട്ട പെട്ടെന്ന് ഉരുകാതിരിക്കാൻ പ്രത്യേക കോട്ടിംഗും നൽകിയിട്ടുണ്ട്. കാർ ഓടിക്കാൻ പറ്റുമെങ്കിലും ലൈറ്റും കണ്ണാടിയും ഇല്ലാത്തതിനാൽ നിരത്തിലിറക്കാൻ പറ്റില്ല.