ന്യൂഡൽഹി: എത്യോപ്യൻ യാത്രാവിമാനമായ ബോയിംഗ് 737 തകർന്ന് മരിച്ച നാല് ഇന്ത്യക്കാരിൽ ഒരാൾ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥയാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സ്ഥിരീകരിച്ചു. പരിസ്ഥിതി വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ കൺസൾട്ടന്റായി പ്രവർത്തിക്കുന്ന ശിഖ ഗാർഗാണ് മരിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്ന ശിഖ യു.എന്നിന്റെ പരിസ്ഥിതി പരിപാടിയുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു.
അപകടത്തിൽ മരിച്ച മറ്റ് മൂന്ന് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എത്യോപ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളും സഹായങ്ങളും ഉറപ്പാക്കുമെന്നും സുഷമാ സ്വരാജ് പറഞ്ഞു. വൈദ്യ പന്നഗേഷ് ഭാസ്‌കർ, വൈദ്യ ഹൻസിൻ അനഘേഷ്, നുകവരപു മനീഷ
എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ.
എത്യോപ്യൻ എയർലൈൻസിന്റെ ബോയിംഗ് 737 മാക്സ് 8 വിമാനമാണ് ഞായറാഴ്ച രാവിലെ അഡിസ് അബാബയ്ക്ക് സമീപമുള്ള ബിഷൗഫ്തു നഗരത്തിൽ തകർന്നുവീണത്. 157 പേർ മരിച്ചിരുന്നു. അഡിസ് അബാബയിൽ നിന്ന് നെയ്‌റോബിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.
സർവീസ് നിറുത്തിവച്ചു
വിമാനാപകടത്തെ തുടർന്ന് ബോയിംഗ് 737 മാക്സ് 8 വിമാനങ്ങളുടെയെല്ലാം സർവീസ് എത്യോപ്യൻ എയർലൈൻസ് നിറുത്തിവച്ചതായി വക്താവ് അറിയിച്ചു. അപകട കാരണം വ്യക്തമല്ലെങ്കിലും സുരക്ഷാ മുൻകരുതലെന്ന നിലയിൽ ഇതേ സിരീസിലുള്ള നാല് വിമാനങ്ങളുടെയും സർവീസ് കമ്പനി നിറുത്തിവച്ചതായി വക്താവ് അറിയിച്ചു. ബോയിംഗ് 737 മാക്സ് 8ന്റെ 25 പുതിയ വിമാനങ്ങൾ കൂടി വാങ്ങാനിരിക്കുകയായിരുന്നു എത്യോപ്യൻ എയർലൈൻസ്.