സി.പി.എമ്മിന്റെ സമുന്നതനേതാവും പി.ബിഅംഗവുമായ എം.എ.ബേബി 'കൗമുദി ടിവി'ക്കു നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്:-
താങ്കൾ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലല്ലോ?
ഞാൻ മത്സരിക്കുന്നില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല.പാർട്ടിയും മുന്നണിയും മത്സരിക്കുന്നയിടത്തെല്ലാം ഞാൻ മത്സരിക്കുന്നു. എന്നാൽ വ്യക്തിപരമായി ഒരു മണ്ഡലത്തിൽ മത്സരിക്കുന്നില്ല.നമ്മൾ പുതിയ തലമുറയെ വളർത്തിക്കൊണ്ടുവരണ്ടെ.പറഞ്ഞുകൊണ്ടിരുന്നാൽപ്പോരല്ലോ. അവർക്കുവേണ്ടി മാറിക്കൊടുക്കണം.
ബംഗാളിൽ ചിലസീറ്റുകളിൽ കോൺഗ്രസുമായി ധാരണയിലെത്താനുള്ള പാർട്ടി തീരുമാനം കേരളത്തിലെ നിലപാടുമായി പൊരുത്തപ്പെടുമോ?
ബംഗാളിൽ പലസീറ്റുകളിലും കോൺഗ്രസും സി.പി.എമ്മും പരസ്പരം മത്സരിക്കേണ്ടി വരാം.ഏതാനും സീറ്റുകളിൽ പരസ്പരം മത്സരിക്കാതിരുന്നുവെന്നും വരാം.ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെയും വർഗീയശക്തികളേയും പരാജയപ്പെടുത്തി ഒരു മതേതര സർക്കാരിന് രൂപം നൽകുകയെന്നതാണ് ലക്ഷ്യം..സി.പി.എമ്മിന്റെ പരമാവധി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച് പാർലമെന്റിൽ ഇടതു സാന്നിദ്ധ്യം ശക്തമാക്കണം. ഇതിന് ഓരോ സംസ്ഥാനങ്ങളിലും അനുയോജ്യമായ അടവുകളും നീക്കുപോക്കുകളുമാണ് ഉണ്ടാക്കുക. ബംഗാളിൽ രണ്ട് ലക്ഷ്യങ്ങളുണ്ട്.ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനൊപ്പം മമതാബാനർജിയുടെ ജനാധിപത്യവിരുദ്ധമായ ഗൂണ്ടാവാഴ്ചയാണവിടെ നടക്കുന്നത്. 200ലധികം സി.പിഎം പ്രവർത്തകരെയാണ് മമത അധികാരത്തിൽ വന്നശേഷം കൊലപ്പെടുത്തിയത്.ആ നിലയ്ക്ക് ബി.ജെ.പിയ്ക്കൊപ്പം തന്നെ തൃണമൂലിനെയും തോൽപ്പിക്കേണ്ടിയിരിക്കുന്നു. ആ സ്ഥിതിക്ക് കോൺഗ്രസ് ജയിച്ച നാലു സീറ്റിലും സി.പിഎം ജയിച്ച രണ്ടുസീറ്റിലും പരസ്പരം മത്സരിക്കുന്നത് ആത്മഹത്യാപരമാണ്.ഈ ആറുസീറ്റുകളിൽ പരസ്പരം മത്സരിച്ചാൽ ബി.ജെ.പിയോ തൃണമൂലോ ജയിക്കില്ലേ എന്ന് പരിശോധിച്ച് അതൊഴിവാക്കാനാണ് കേന്ദ്രക്കമ്മിറ്റി നിർദ്ദേശിച്ചത്..ഇന്ന് ഇന്ത്യയിൽ മോദിയുടെ ഭരണം അവസാനിപ്പിക്കാൻ ചിലയിടത്ത് നീക്കുപോക്കുകൾ ഉണ്ടാക്കേണ്ടിവരും.
മോദിയെ ഇറക്കാൻ വേണ്ടിയാണെങ്കിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയപാർട്ടിയെന്ന നിലയിൽ കേരളത്തിൽ കോൺഗ്രസിന് വോട്ട് ചെയ്താൽ പോരെ?
ഇന്നത്തെ വാർത്തയെന്താണ്.തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ ഒരു കോൺഗ്രസ് എം.എൽ.എ.ബി.ജെ.പിയിൽ ചേർന്നതാണ്.പാർലമെന്റിൽ ബി.ജെ.പിയ്ക്കുള്ള നൂറിലധികം എം.പിമാർ മുൻ കോൺഗ്രസ് നേതാക്കൻമാരാണ്.ഗുജറാത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൻമാർ ഇവിടെക്കൊണ്ടുവന്ന് സ്വീകരണം കൊടുത്ത ഒരു കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്ന വാർത്ത ഒരു കോൺഗ്രസ് അനുകൂല പത്രം റിപ്പോർട്ട് ചെയ്തത്,ഒരു കോൺഗ്രസ് എം.എൽ.എ കൂടി ബി.ജെ.പിയിൽ എന്നായിരുന്നു. നാളെ ബി.ജെ.പിയായി മാറാവുന്നവരാണ് ഇൗ കോൺഗ്രസുകാർ. അതിനാൽ വർഗീയതയ്ക്കെതിരായ സമരം ഇൗ തിരഞ്ഞെടുപ്പിൽ മോദിയെ തോൽപ്പിക്കുന്നതുമാത്രമല്ല. വർഗീയതയ്ക്കെതിരായ രാഷ്ട്രീയ സംസ്കാര ബോധത്തിലേക്ക് ജനങ്ങളെ കൊണ്ടുവരണം. അതിന് കഴിയുന്നത് എൽ.ഡി.എഫിന് മാത്രമാണ്. അതുകൊണ്ടാണ് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നുപറയുന്നത്.
അപ്പോൾ കോൺഗ്രസിനെ പൂർണമായി വിശ്വസിക്കുന്നില്ല?
സംശയമുണ്ടോ. കോൺഗ്രസിനെ പൂർണമായി വിശ്വസിക്കാൻ കോൺഗ്രസുകാർ അനുവദിക്കുന്നില്ല. അവർ ബി.ജെ.പിയിൽ ചേർന്നുകൊണ്ടിരിക്കുകയല്ലേ.
കോൺഗ്രസ് ബി.ജെ.പിയിൽ ചേരുന്നുവെന്നുപറയുമ്പോൾ കോൺഗ്രസ് പറയുന്ന ഒരുകാര്യം കേരളത്തിൽ എൽ.ഡി.എഫ് എം.എൽ.എ യായിരുന്ന അൽഫോൺസ് കണ്ണന്താനം ഇന്ന് കേന്ദ്രത്തിൽ ബി.ജെ.പി മന്ത്രിയായതിനെക്കുറിച്ചാണ്.
കേരളത്തിൽ എൽ.ഡി.എഫിന്റെ സ്വതന്ത്ര എം.എൽ.എയായിരുന്ന കണ്ണന്താനം ബി.ജെ.പിയിൽ പോയി. സി.പി.എം വർഗീയതയ്ക്കെതിരെ അടിയുറച്ച സമരം നടത്തുന്ന പ്രസ്ഥാനമാണെന്നുകണ്ട് വന്നയാൾ എന്തൊക്കെയോ കാരണങ്ങളാൽ ആ പാളയത്തിൽ പോയി . എന്നാൽ സി.പി.എമ്മിന്റെ ഏതെങ്കിലും പ്രവർത്തകനല്ല പോയത്. സഹകരിക്കാൻ വന്നയാളാണ്.
ഏറ്റവും പുതിയ ഉദാഹരണം പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചതിന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മഹാരാഷ്ട്ര സെക്രട്ടറിയുമായ വ്യക്തിയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ആ നിലയ്ക്ക് സി.പി.എമ്മിൽനിന്നും വേണമെങ്കിലും പോകാമെന്ന ആരോപണം ഉന്നയിക്കാം?
രാഷ്ട്രീയമായി ഉറച്ച നിലപാട് എടുക്കുന്നതിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ ആ വീഴ്ച ഞങ്ങൾ ഇടപെട്ട് തിരുത്തുന്നുവെന്നതിന് വ്യക്തമായ ഉദാഹരണമാണ് കേന്ദ്രകമ്മിറ്റി ആ സഖാവിനെ താക്കീത് ചെയ്തത്.
സി.പി.എമ്മിന്റെ നേതൃത്വത്തിൽ കർഷക പ്രക്ഷോഭം രാജ്യത്ത് വലിയ മുന്നേറ്റമാകുമ്പോൾ കേരളത്തിൽ കർഷകർ ആത്മഹത്യ ചെയ്യുന്നു?
പൊതുവിൽ കർഷകവിരുദ്ധ നിലപാടുകൾ പിന്തുടരുന്ന ഒരു രാജ്യത്തിന്റെ ഭാഗമാണ് കേരളം. ആ നയങ്ങളുടെ ആഘാതം കേരളത്തിൽ പരമാവധി കുറയ്ക്കാനാണ് പിണറായി വിജയൻ ഗവൺമെന്റ് ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മന്ത്രിസഭാ യോഗം കൈക്കൊണ്ടിട്ടുണ്ട്.
അതിന് ഇത്രയുംപേർ ആത്മഹത്യ ചെയ്യുന്നതുവരെ കാത്തിരിക്കേണ്ടിവന്നില്ലേ?
പിണറായി വിജയൻ ഗവൺമെന്റായിരുന്നില്ലെങ്കിൽ എത്രയോ പേർ മരിക്കുമായിരുന്നു.
കേരളമൊട്ടാകെ 14 പേർ ആത്മഹത്യ ചെയ്തു. അത് വലിയ ചർച്ചയായപ്പോഴാണ് സർക്കാർ ആക്ട് ചെയ്തത്? ഇതൊരു പോരായ്മയല്ലേ?
മോദി സർക്കാരിന്റെ കാലത്ത് ഇന്ത്യയിൽ 40 ശതമാനത്തിലധികം കർഷക ആത്മഹത്യകൾ വർദ്ധിച്ചു. കർഷകർക്ക് സഹായമാകുന്ന കാര്യങ്ങൾ കേരള സർക്കാർ കൈക്കൊണ്ടുവെന്നത് യാഥാർത്ഥ്യമാണ്.
അക്കാര്യത്തിൽ കുറെക്കൂടി ശുഷ്ക്കാന്തി വേണ്ടിയിരുന്നില്ലേ?
കേരളത്തിലെ ഗവൺമെന്റ് കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ നടപടികളും കൈക്കൊള്ളുകയായിരുന്നു. എന്നിട്ടും ഇവർ ആത്മഹത്യ ചെയ്തുവെന്നതിന്റെ അർത്ഥം പ്രശ്നങ്ങൾ ഉണ്ടെന്നാണ്. അത് കണ്ടെത്തി പരിഹരിക്കാനുള്ള സത്വരനടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന അജൻഡ എന്താണ്?
ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തന്നെയാണ് 2014 ലെ തിരഞ്ഞെടുപ്പിൽ മോദി നൽകിയ കപട വാഗ്ദാനങ്ങൾ. അത് ഒാരോന്നും എങ്ങനെ വഞ്ചിക്കപ്പെട്ടു. ഏറ്റവുമൊടുവിൽ പുൽവാമയിലെ ഭീകരാക്രമണം . തുടങ്ങി നിരവധി വിഷയങ്ങളുണ്ട്.
കാസർകോഡ് പെരിയയിൽ രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്ന യുവാക്കളെ കൊലപ്പെടുത്തി. ഇത് മുമ്പ് ഒട്ടേറെ സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് ന്യായീകരിക്കാനാവുമോ?
സി.പി.എം എന്നത് കൊലപാതകം പ്രവർത്തന പരിപാടിയായി ഏറ്റെടുത്തു നടക്കുന്ന പാർട്ടിയാണെന്ന മട്ടിൽ യാതൊരു മാധ്യമ മര്യാദയുമില്ലാതെ ചിലർ ആക്രമിക്കുമ്പോൾ അവരോട് പറയേണ്ടിവരും കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതക രാഷ്ട്രീയത്തിന് ഇരകളായിട്ടുള്ളത് സി.പി. എം ആണെന്ന്. അതുപറയുമ്പോൾ പരിഭ്രമിക്കരുത്. ഇൗ രണ്ടുപേരെ കൊന്നത് ഏറ്റവും ശക്തമായ ഭാഷയിൽ ഭർത്സിച്ചുകൊണ്ട് അഭിപ്രായം പറയുകയും രാഷ്ട്രീയ കൊലപാതകങ്ങൾ ഇൗ രാജ്യത്തെ നശിപ്പിക്കുകയാണെന്ന് നിലപാട് എടുക്കുകയും ചെയ്ത പാർട്ടിയാണ് സി.പി.എം.ആരെയെങ്കിലും കൊന്നതിന്റെ പേരിൽ ഒരു കൊലക്കേസിലെ പ്രതിയെ ശിക്ഷിക്കുമ്പോൾ ആ പ്രതിക്ക് വധശിക്ഷയൊഴികെ അയാൾ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുന്ന ശിക്ഷയായാലും തരക്കേടില്ല,വധശിക്ഷ ഒരു ശിക്ഷയായി പ്രഖ്യാപിക്കരുതെന്ന ധീരമായ നിലപാട് എടുത്ത പാർട്ടിയാണ് സി.പി.എം. അത് മറക്കരുത്.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ശിക്ഷിച്ച ടി.പി. കുഞ്ഞനന്തൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് പാർട്ടി പറയുന്നത്?
വധശിക്ഷയ്ക്ക് വിധേയരായി ശിക്ഷാവിധി നടപ്പാക്കി ജീവൻ നഷ്ടപ്പെട്ടവരിൽ ചിലർ കുറ്റം ചെയ്തിട്ടില്ലെന്ന് വർഷങ്ങൾക്കുശേഷം തെളിയിക്കപ്പെട്ട ധാരാളം കേസുകളില്ലേ.
കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരളം ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ മുൻകൈയെടുക്കാത്തതെന്ത്?
സി.പി.എം ഭരിക്കുന്നത് കൊണ്ടല്ല. അല്ലെങ്കിലും ചെയ്യാവുന്നതെല്ലാം ചെയ്യും. സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമടക്കം അപലപിച്ചു. കൊലപാതകത്തിൽ പിടിക്കപ്പെട്ട സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ പാർട്ടി പുറത്താക്കി.
കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ. എ പറഞ്ഞു. "കേന്ദ്രത്തിൽ എല്ലാ മന്ത്രിമാർക്കും മോദിയെ പേടിയാണ്. കേരളത്തിൽ പിണറായി വിജയനെ പേടിയാണെന്ന്. അങ്ങനെ പേടിക്കേണ്ട സാഹചര്യമുണ്ടോ?
ഇൗ അഭിമുഖത്തിന് ഞാൻ വരുന്നത് പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തിട്ടാണ്. അവിടെ എല്ലാവരും സ്വതന്ത്രമായ അഭിപ്രായങ്ങൾ പറയുന്നതാണ് ഞാൻ കേട്ടത്. അവിടെയെന്നും ഏതെങ്കിലും ഭയത്തിന്റെ അന്തരീക്ഷത്തിൽ ആരെങ്കിലും ഇരിക്കുന്നത് കണ്ടില്ല.എത്രയോ കാലമായി ഞങ്ങൾ ഒരുമിച്ച് കമ്മിറ്റിയിലിരിക്കുന്നു. ഇൗ പറയുന്നതുപോലെ എല്ലാവരും ഭയന്നിരിക്കുന്ന ഒരു നേതാവാണ് പാർട്ടിയിലെ എക്സ് ഒാർ വൈ എന്ന് പറയുന്നത് ശരിയല്ല.
ശബരിമല വിഷയത്തിൽ കേരള സർക്കാർ സ്വീകരിച്ച നിലപാട് പാർട്ടിയിലെ വിശ്വാസികളായ അണികൾ മുഴുവൻ പിന്തുണയ്ക്കുമെന്ന് കരുതുന്നുണ്ടോ?
കേരളത്തിൽ നവോത്ഥാന പാരമ്പര്യത്തെക്കുറിച്ച് ഒാർമ്മയുള്ളവർ സാംസ്കാരികമായി വീക്ഷണമുള്ളവരും ചരിത്രബോധമുള്ളവരുമാണ്. അവരാണ് കേരളത്തെ പ്രബുദ്ധകേരളമാക്കിയത്. അങ്ങനെയുള്ള കേരളീയർ ഈ വിഷയത്തിൽ പിണറായി ഗവൺമെന്റിനെ അഭിമാനപൂർവം ആലിംഗനം ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു വിശാല മതേതര സർക്കാർ അധികാരത്തിൽ വരുമോ?
കേന്ദ്രത്തിൽ വർഗീയ വിരുദ്ധ ശക്തികളുടെ ഒരു ഭരണം ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ബി.ജെ.പിയുടെ ഒരു ഗവൺമെന്റ് ആയിരിക്കുകയില്ല.
ഈ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ പ്രതീക്ഷയെന്താണ്?
സി.പി.എം നല്ലരീതിയിൽ നില മെച്ചപ്പെടുത്തും .കൂടുതൽ സീറ്റുകൾ നേടും.
(അഭിമുഖത്തിന്റെ പുന:സംപ്രേഷണം കൗമുദി ടിവിയിൽ ഇന്ന് രാത്രി 9ന്)