will-rise-sabarimala-wome

കൊച്ചി: ലോക്‌സഭാ തി‌രഞ്ഞെടുപ്പിൽ ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിവാദങ്ങൾ പ്രചാരണ വിഷയമാക്കരുതെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെ നിർദ്ദേശത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. ശബരിമല വിഷയം ചർച്ച ചെയ്യരുതെന്ന് പറയാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല ചർച്ചയാക്കരുതെന്ന് പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല.കോടതി വിധിയെ എതിർക്കുന്നതോ മറ്റ് മതങ്ങളെ അവഹേളിക്കുന്നതോ തെറ്റാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ ഏത് വിഷയം ചർച്ച ചെയ്യണമെന്ന് തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ല. അത് തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ പാർട്ടികളാണ്. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടുകൾ ചർച്ച ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നത് ചട്ടലംഘനമാണെന്നും ഇത് സംബന്ധിച്ച് രാഷ്ട്രീയ കക്ഷികൾക്ക് നിർദ്ദേശം നൽകുമെന്നും നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു.