madrid-

മാഡ്രിഡ് : തുടർ തോൽവികൾക്കൊടുവിൽ സ്പാനിഷ് സൂപ്പർ ടീം റയൽ മാഡ്രിഡ് വിജയ വഴിയിൽ തിരിച്ചെത്തി. ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് ഒന്നിനെതിര നാല് ഗോളുകൾക്ക് വയ്യഡോളിഡിനെ കീഴടക്കി.പെനാൽറ്രിയിലൂടെയുൾപ്പെടെ രണ്ട് ഗോൾനേടിയ കരിം ബെനസേമയുടെ ചിറകിലേറിയാണ് റയൽ തകർപ്പൻ ജയം സ്വന്തമാക്കിയത്. ലൂക്കാ മൊഡ്രിച്ച്, റാഫേൽ വരാനെ എന്നിവരും റയലിനായി ലക്ഷ്യം കണ്ടു.

അനൗർ മുഹമ്ദ് തുഹാമിയാണ് വല്ലഡോളിഡിന്റെ സ്കോറർ. 80 -ാം മിനിറ്റിൽ കസേമിറോ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതിനാൽ പത്ത് പേരുമായാണ് റയൽ മത്‌സരം പൂർത്തിയാക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് നാല് ഗോൾ തിരിച്ചടിച്ച് റയലിന്റെ വിജയം. 27 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുള്ള റയൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 63 പോയിന്റുള്ള നിലവിലെ ചാമ്പ്യൻനാരായ ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്. 56 പേയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. ബാഴ്സലോണയ്ക്കെതിരായ രണ്ട് മത്‌സരങ്ങളിലെ ഉൾപ്പെടെ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമുള്ള റയലിന്റെ ആദ്യ ജയമാണിത്. മറ്റ് മത്സരങ്ങളിൽ സെവിയ്യ 5-2ന് റയൽ സോസിഡാഡിനെയും വിയ്യാ റയൽ 2-0ത്തിന് ലെവാന്റെയേയും വലൻസിയ 3-2ന് ജിറോണയേയും കീഴടക്കി.