indonesian-woman-

ഷാ ആലം (മലേഷ്യ): ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ അർദ്ധ സഹോദരൻ കിം ജോംഗ് നാമിനെ കൊലപ്പെടുത്തിയ കേസിൽ ഇന്തോനേഷ്യൻ യുവതിക്കെതിരെയുള്ള കേസ് മലേഷ്യ പിൻവലിച്ചു. ഇതോടെ രണ്ടു വർഷത്തെ ജയിൽവാസത്തിനുശേഷം സീതി ഐസ്യ ഇന്നലെ ജയിൽമോചിതയായി. ഇന്തോനേഷ്യൻ അംബാസഡറുടെ വിമാനത്തിൽ അവർ രാജ്യത്തേക്ക് തിരിച്ചു. കേസ് പിൻവലിച്ചതിന്റെ യഥാർത്ഥ കാരണം പ്രോസിക്യൂട്ടർമാർ വ്യക്തമാക്കിയില്ലെങ്കിലും ഇന്തോനേഷ്യയുടെ നയതന്ത്ര സമ്മർദ്ദമാണെന്ന് ഇന്തോനേഷ്യൻ അംബാസഡർ റുസ്ഡി കിരാന വ്യക്തമാക്കി.

മലേഷ്യയിലെ ക്വലാലംപൂർ വിമാനത്താവളത്തിൽ വച്ച് സീതി ഐസ്യയും വിയറ്റ്നാം സ്വദേശിയായ ഡോവൻ തി ഹുവോങ് എന്ന യുവതിയും 2017 ഫെബ്രുവരിയിൽ കിം ജോംഗ് നാമിന്റെ മുഖത്ത് നേർവ് ഏജന്റ് വിഎക്‌സ് പുരട്ടുകയായിരുന്നു. മിനിട്ടുകൾക്കകം നാം മരിക്കുകയായിരുന്നു. റിയാലിറ്റി ഷോയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ചാണ് ഉത്തര കൊറിയയിൽ നിന്നുള്ള ചിലർ പറഞ്ഞതനുസരിച്ച് അങ്ങനെ ചെയ്തതെന്ന് ഇരുവരും കോടതിയിൽ വാദിച്ചു. ഇനി വ്യാഴാഴ്ചയാണ് വിചാരണ. ഹുവോങ്ങിനെതിരെ കേസ് തുടരണോ എന്ന കാര്യത്തിൽ അന്നു തീരുമാനമുണ്ടാകും.

സഹോദരൻ തനിക്ക് ഭീഷണിയാകുമോ എന്ന ഭയത്താൽ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ നേതൃത്വത്തിലാണ് നാമിനെ കൊലപ്പെടുത്തിയതെന്നാണ് യു.എസ്, ദക്ഷിണ കൊറിയ, മലേഷ്യ എന്നീ രാജ്യങ്ങൾ ആരോപിക്കുന്നത്.