mit

ന്യൂഡൽഹി: കടക്കെണിയിൽപ്പെട്ട് തകർന്ന എസാർ സ്‌റ്റീലിനെ ഏറ്റെടുത്ത് ഇന്ത്യയിൽ പ്രവേശിക്കാനുള്ള ആഗോള സ്‌റ്റീൽ ഭീമനായ ആഴ്‌സലർ മിത്തലിന്റെ നീക്കങ്ങൾ വീണ്ടും നിയമക്കുരുക്കിലേക്ക്. ഏറ്റെടുക്കലിന് അനുമതി നൽകിയ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.ടി)​ ഉത്തരവിനെതിരെ എസാർ സ്‌റ്റീലിന്റെ മൂന്ന് മുൻ ഡയറക്‌ടർമാർ നാഷണൽ കമ്പനി ലോ അപ്പലേറ്ര് ട്രൈബ്യൂണലിനെ (എൻ.സി.എൽ.എ.ടി)​ സമീപിച്ചു.

ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ലക്ഷ്‌മി നിവാസ് മിത്തലിന്റെ ഉടമസ്ഥതയിലുള്ള,​ ലോകത്തെ ഏറ്റവും വലിയ സ്‌റ്റീൽ കമ്പനിയായ ആഴ്‌സലർ മിത്തലിന് കഴിഞ്ഞദിവസമാണ് എസാർ സ്‌റ്രീലിനെ ഏറ്റെടുക്കാൻ എൻ.സി.എൽ.ടി അഹമ്മദാബാദ് ബെഞ്ച് അനുമതി നൽകിയത്. 42,​000 കോടി രൂപ,​ എസാറിന് വായ്‌പ നൽകിയ കമ്പനികൾക്ക് നൽകി,​ ഏറ്രെടുക്കൽ നടപടിയിലേക്ക് ആഴ്‌സലർ മിത്തലിന് കടക്കാമെന്നാണ് എൻ.സി.എൽ.ടിയുടെ ഉത്തരവ്. ഇതിനുപുറമേ 8,​000 കോടി രൂപയുടെ മൂലധന നിക്ഷേപം എസാറിൽ നടത്തുമെന്നും ലക്ഷ്‌മി മിത്തൽ പറഞ്ഞിരുന്നു.

60 രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള ആഴ്‌സലർ മിത്തലിന് ഇതുവരെ ഇന്ത്യയിലേക്ക് ചുവടുവയ്‌ക്കാൻ കഴിഞ്ഞിരുന്നില്ല. എസാറിനെ ഏറ്റെടുത്ത് ഇന്ത്യയിലും ശക്തമായ സാന്നിദ്ധ്യമറിയിക്കാൻ ഏറെക്കാലമായി കമ്പനി ശ്രമിക്കുകയാണ്. നിയമക്കുരുക്ക് മൂലം നടപടികൾ നീളുകയായിരുന്നു. ഇപ്പോൾ എസാറിന്റെ മുൻ ഡയറക്‌ടർമാരായ പ്രശാന്ത് റൂയ,​ ദിലീപ് ഉമ്മൻ,​ രാജീവ് ഭട്‌നാഗർ എന്നിവരാണ് എൻ.സി.എൽ.എടിയെ സമീപിച്ചിരിക്കുന്നത്. സ്‌റ്രാൻഡേർഡ് ചാർട്ടേഡ് ബാങ്കും എൻ.സി.എൽ.ടിയുടെ ഉത്തരവിനെതിരെ ഹർജി സമർപ്പിച്ചിട്ടുണ്ട്.