സുൽത്താൻ ബത്തേരി : വടക്കനാട് വനഗ്രാമത്തെ നാളുകളായി മുൾമുനയിൽ നിറുത്തിയ കാട്ടുകൊമ്പനെ ഇന്നലെ പുലർച്ചെ വനം വകുപ്പ് സാഹസികമായി പിടികൂടി. ആനയെ മയക്കുവെടിവയ്‌ക്കാൻ ഞായറാഴ്ച തുടങ്ങിയ ശ്രമം ഇന്നലെ പുലർച്ചെ വിജയിച്ചു. കുറിച്ച്യാട് റേഞ്ചിലെ പണയമ്പത്തിന് സമീപം ചെമ്പരത്തി മൂലയിൽ വച്ചാണ് സീനിയർ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ മയക്ക് വെടിവച്ചത്. വെടിയേറ്റ് ചതുപ്പ് പ്രദേശത്ത് വീണ കൊമ്പനെ ബോധം തെളിയും മുമ്പ് കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചു.
പുലർച്ചെ 5.50ന് വച്ച ആദ്യ മയക്കുവെടി ഫലിച്ചിരുന്നില്ല. തുടർന്ന് ആറോടെ നടത്തിയ രണ്ടാം ശ്രമമാണ് വിജയിച്ചത്. തുടർന്ന് നീലകണ്ഠൻ, സൂര്യ, പ്രമുഖ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ രാവിലെ പത്തോടെ വടക്കനാട് കൊമ്പനെ ലോറിയിൽ മുത്തങ്ങയിലെ ആന പരിശീലനകേന്ദ്രത്തിലേക്ക് മാറ്റി. വൈൽഡ് ലൈഫ് വാർഡൻ എൻ.ടി. സാജനോടൊപ്പം സി.സി.എഫ്.ബി അഞ്ജൻകുമാർ, സൗത്ത് വയനാട് ഡി.എഫ്.ഒ പി. രഞ്ജിത്ത്, മിന്നൽ പരിശോധനാ വിഭാഗം മേധാവി പി. ധനേഷ്‌കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ
അനുസരണ പഠിക്കാൻ
ഇനി കാരാഗൃഹം
പിടികൂടിയ വടക്കനാട് കൊമ്പൻ ഇനി മുത്തങ്ങ പരിശീലനകേന്ദ്രത്തിലെ തടവറയിലായിരിക്കും. രണ്ട് വർഷം മുമ്പ് പിടികൂടിയ കല്ലൂർ കൊമ്പൻ ഇവിടെയുണ്ട്. പ്രായമുള്ള ആനകളെ പരിശീലിപ്പിച്ച് ഇണക്കിയെടുക്കാൻ പ്രയാസമാണ്. മാത്രമല്ല ക്രൂരമായ ശിക്ഷണ മുറകൾ പ്രാവർത്തികമാക്കാനും കഴിയില്ല. ഇതുകാരണമാണ് ഇവയെ തടവിൽ പാർപ്പിക്കുന്നത്.