തിരുവനന്തപുരം: പോളി വിനൈൽ ക്ലോറൈഡ് ഉപയോഗിച്ചാണ് ഫ്ലക്സ് ബാനറുകൾ നിർമ്മിക്കുന്നത്. പ്രസ്തുത പദാർത്ഥം വളരെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതുപയോഗിച്ച് നിർമ്മിക്കുന്ന ഫ്ലക്സ് ബോർഡുകൾ മണ്ണിൽ അലിഞ്ഞു ചേരുകയോ ജീർണിക്കുകയോ ചെയ്യില്ല. കത്തിച്ചാൽ അതിൽ നിന്ന് പുറത്തുവരുന്ന വിഷപ്പുക കാൻസ‌ർ, വന്ധ്യത തുടങ്ങിയ രോഗാവസ്ഥകൾക്ക് ഹേതുവാകുകയും അന്തരീക്ഷത്തിലുളള വായുവിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. തുണിയുപയോഗിച്ച് നിർമ്മിക്കുന്ന ബാനറുകളെക്കാൾ നിലനിൽക്കുമെന്നുള്ളത് കൊണ്ടാണ് പലരും ഫ്ലക്സ് ബോർഡുകളെ ആശ്രയിക്കുന്നത്. സിന്തറ്റിക് പോളിമറും കളർ ഡൈയും ഉപയോഗിച്ച് നിർമ്മിക്കുന്ന ഫ്ലക്സ് ബോർഡുകൾ കത്തിക്കുന്നത് ഏറെ സങ്കീർണമായ പ്രക്രിയയാണ്. ഇത് കത്താൻ കുറഞ്ഞത് 299 ഡിഗ്രി സെൽഷ്യസ് ചൂട് വേണം. മാത്രമല്ല, കത്തിക്കുന്ന പ്രദേശത്തെ ചൂട് ഉയർത്തുകയും ചെയ്യും. ഇതിൽ നിന്നുമുണ്ടാകുന്നചാരം അമ്ലസ്വഭാവമുള്ളതാണ്. ജലം, വായു, മണ്ണ് തു‌ടങ്ങിയവയിൽ അമ്ലത്തിന്റെ അളവ് ഉയർത്താനും ഇവയ്ക്ക് സാധിക്കും. കൂടാതെ പരിസ്ഥിതിക്ക് ഏറെ ദോഷമുയർത്തുന്ന സൾഫൈറ്റുകൾ, നൈട്രേറ്റുകൾ എന്നീ മൂലകങ്ങളെ പുറന്തള്ളുകയും ചെയ്യും. വായുവിനെക്കാൾ പതിന്മടങ്ങ് ഭാരമുള്ള ഈ മൂലകങ്ങൾ സമീപപ്രദേശങ്ങളിലെ വായുവിന്റെ സഞ്ചാരത്തിനും തടസം സൃഷ്ടിക്കുന്നു.