-demonitisation

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനം കൈവിട്ടാൽ നോട്ട് നിരോധനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് അന്വേഷണ പരമ്പര. അധികാരത്തിലെത്തിയാൽ നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയിലെ ബാങ്കുകളിൽ നടത്തിയ നിക്ഷേപങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ അദ്ധ്യക്ഷനായ ഗുജറാത്തിലെ ബാങ്ക് അടക്കമുള്ളവയിൽ നടത്തിയ നിക്ഷേപങ്ങലെക്കുറിച്ച് അന്വേഷിക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പ്രധാനമന്ത്രി നരേന്ദ്രമോദി തകർത്തുവെന്നും കോൺഗ്രസ് ആരോപിച്ചു.

നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയാനാവില്ലെന്ന് റിസർവ് ബാങ്ക് സർക്കാരിനെ അറിയിച്ചിരുന്നതായി നേപരത്തെ റിപ്പോർട്ടുണ്ടായിരുന്നു,​ ഇതിന് പിന്നാലെയാണ് കോൺഗ്രസും രംഗത്തെത്തിയത്.

ആർ.ബി,​ഐയ്ക്ക് മേൽ നോട്ട് അസാധുവാക്കൽ അടിച്ചേൽപ്പിച്ച നടപടി സമ്പദ് വ്യവസ്ഥയെ തകർക്കുന്നതായിരുന്നുവെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ നോട്ട് അസാധുവാക്കലിന്റെ എല്ലാ വശങ്ങളെപ്പറ്റിയും അന്വേഷണം നടത്തും. അമിത് ഷാ ഡയറക്ടറായ ഗുജറാത്തിലെ സഹകരണ ബാങ്കിൽ നടത്തിയ നിക്ഷേപം അടക്കമുള്ളവ അന്വേഷിക്കും. നോട്ട് നിരോധനത്തിന് മുമ്പും പിമ്പും ബി.ജെ.പി വാങ്ങിയ വസ്തുവകകളെപ്പറ്റിയും അന്വേഷണം നടത്തും. കള്ളപ്പണം വിദേശരാജ്യങ്ങളിൽ എത്തിച്ച് വെളുപ്പിക്കാൻ നോട്ട് അസാധുവാക്കലിനിടെ എങ്ങനെ സാധിച്ചുവെന്ന് കണ്ടെത്തും. നോട്ട് അസാധുവാക്കൽ വൻഅഴിമതിയാണെന്നും അതിന്റെ എല്ലാ വശങ്ങളെപ്പറ്റിയും അന്വേഷണം നടത്തുമെന്നും ജയറാം രമേശ് പറഞ്ഞു.