കൊച്ചി: കാക്കനാട് പാലച്ചുവട്ടിൽ ജിബിൻ വർഗീസിനെ (32) മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ പിതാവ് അസീസ്, അയൽവാസി സലാം എന്നിവർ തൃക്കാക്കര അസി. കമ്മിഷണർ മുമ്പാകെ കീഴടങ്ങി. ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇതോടെ കേസിൽ അറസ്‌റ്റിലായവർ പത്തുപേരായി. യുവതിയുമായി അടുപ്പം തുടർന്നതിന്റെ പകതീർക്കാൻ യുവതിയുടെ അച്ഛനും ഭർത്താവും ബന്ധുക്കളും ചേർന്ന് ജിബിനെ വീട്ടിൽ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ ഭർത്താവും കേസിലെ പ്രധാന പ്രതിയുമായ അനീസ്, വാഴക്കാല സ്വദേശികളായ പടന്നാട്ട് വീട്ടിൽ മനാഫ് (31), കുഴിപ്പറമ്പിൽ വീട്ടിൽ കെ.ഐ. അലി (40), അലിയുടെ സഹോദരൻ കെ.ഇ. സലാം (48), കുഴിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (23), കരിക്കോട്ടപ്പറമ്പ് കെ.കെ. സിറാജുദ്ദീൻ (49), കുഴപ്പറമ്പിൽ വീട്ടിൽ കെ.ഐ. യൂസഫ് (42), പുറ്റിങ്കൽപറമ്പ് വീട്ടിൽ അജാസ് (31) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രി യുവതിയുടെ വാട്സ് ആപ്പ് നമ്പർ ഉപയോഗിച്ച് അനീസ് ജിബിനെ ഓലിക്കുഴിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പിൻവാതിൽ വഴി വീട്ടിൽ കയറിയ ജിബിനെ സംഘം രണ്ടാം നിലയിലേക്കുള്ള പടിക്കെട്ടിന്റെ ഗ്രില്ലിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. കൈ കെട്ടിയിട്ട് വായ മൂടിക്കെട്ടി ചവിട്ടുകയും തൊഴിക്കുകയും കമ്പി ഉപയോഗിച്ച് അടിക്കുകയും ചെയ്തു. രാത്രി പന്ത്രണ്ടര മുതൽ പുലർച്ചെ മൂന്നര വരെ മർദ്ദനം തുടർന്നു. വാരിയെല്ല് പൊട്ടി ആന്തരിക രക്തസ്രാവത്തെത്തുടർന്നാണ് ജിബിൻ മരിച്ചത്.
പുലർച്ചെ നാലിന് ജിബിന്റെ മൃതദേഹം അലിയുടെ ആട്ടോറിക്ഷയിൽ കയറ്റി മനാഫ്, ഫൈസൽ എന്നിവർ വിജനമായ പ്രദേശം തേടിയിറങ്ങി. ഷിഹാബ്, നിസാർ എന്നിവർ ജിബിന്റെ സ്കൂട്ടറിലും അലി കാറിലും പിന്തുടർന്നു. പാലച്ചുവട്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് ജിബിനെ തള്ളി. സ്കൂട്ടർ അപകടമുണ്ടായെന്ന മട്ടിൽ മറിച്ചിട്ടു.
കൊല നടക്കുമ്പോൾ വീട്ടിൽ സ്ത്രീകളും
കൊലനടക്കുമ്പോൾ യുവതിയടക്കം സ്ത്രീകളും വീട്ടിലുണ്ടായിരുന്നതായാണ് വിവരം. എന്നാൽ കേസിൽ ഇതുവരെ സ്ത്രീകളാരെയും പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സാക്ഷികളിൽ സ്ത്രീകളുണ്ട്.
തുമ്പ് ലഭിച്ചത് മൊബൈലിൽ നിന്ന്
ശനിയാഴ്ച പുലർച്ചെയാണ് ജിബിനെ റോഡിൽ മരിച്ചനിലയിൽ കണ്ടതായി പാെലീസിന് വിവരം ലഭിച്ചത്. എന്നാൽ പൊലീസിന്റെ പരിശോധനയിൽ വാഹനാപകടത്തിന്റെ ലക്ഷണങ്ങൾ കണ്ടില്ല. തുടർന്ന് ജിബിന്റെ മൊബൈൽ പരിശോധിച്ചപ്പോൾ യുവതിയുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചു. ഇതോടെ പൊലീസ് യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ കെട്ടിയിട്ടു മർദ്ദിച്ചതിന്റെ തെളിവുകൾ ലഭിച്ചു. ജിബിനെ ആട്ടോറിക്ഷയിൽ കൊണ്ടുപോകുന്ന സി.സി ടിവി ദൃശ്യങ്ങളും ലഭിച്ചു. കൊല്ലുകയെന്ന ലക്ഷ്യത്തോടെ വ്യക്തമായ ഗൂഢാലോചനയിലൂടെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കമ്മിഷണർ എസ്. സുരേന്ദ്രന്റെ മേൽനോട്ടത്തിൽ തൃക്കാക്കര എ.സി സ്റ്റുവർട്ട് കീലർ, സി.ഐ എ. പ്രസാദ്, എസ്.ഐമാരായ കെ.പി. മനീഷ്, ബൈജു പി. ബാബു, കെ.ആർ. ബിജു, എൻ.എസ്. റോയി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.