kiss

കൊച്ചി: ചെറുകിട-ഇടത്തരം കർഷകർക്ക് സാമ്പത്തികാശ്വാസം പകരാനായി കഴിഞ്ഞമാസം അവതരിപ്പിച്ച ബഡ്‌ജറ്രിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ,​ കേരളത്തിൽ ഇതുവരെ വിതരണം ചെയ്‌തത് 67.42 കോടി രൂപ. മാർച്ച് ഏഴുവരെയുള്ള കണക്കുപ്രകാരം കേരളത്തിലെ 3.37 ലക്ഷം കർഷകർ പദ്ധതിയുടെ ആദ്യഗഢുവായ 2,​000 രൂപവീതം കൈപ്പറ്രി.

രാജ്യത്ത് 2.6 കോടി കർഷകർക്കായി 5,​215 കോടി രൂപ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ഇതിനകം വിതരണം ചെയ്‌തിട്ടുണ്ട്. പദ്ധതി നടപ്പാക്കി കുറഞ്ഞ സമയത്തിനകം അർഹതപ്പെട്ടവർക്ക് ഇത്ര വലിയ തുക കൈമാറിയ പദ്ധതി രാജ്യത്ത് ആദ്യമാണെന്നും പ്രൊഫഷണലിസത്തിൽ ആർജ്ജിച്ച മികവാണ് നേട്ടത്തിന് പിന്നിലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മൊത്തം 75,​000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രസർക്കാർ ചെലവഴിക്കുന്നത്. രണ്ട് ഹെക്‌ടറിൽ താഴെ ഭൂമിയുള്ള 12 കോടി കർഷകർക്കാണ് പദ്ധതിയിലൂടെ പണം ലഭിക്കുക. മൂന്ന് തവണകളായി പ്രതിവർഷം ആറായിരം രൂപയാണ് നൽകുന്നത്.

നടപ്പുവർഷം മാർച്ചിനകം വിതരണം ചെയ്യാനായി 20,​000 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ട്. ഓരോ കർഷകനും 2,​000 രൂപ വീതം നടപ്പുവർഷം ലഭിക്കും. കഴിഞ്ഞ 24ന് ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്. അന്ന്,​ 1.01 കോടി കർഷകർക്കായി 2,​021 കോടി രൂപ വിതരണം ചെയ്‌തിരുന്നു. സംസ്ഥാന സർക്കാരിന്റെ പട്ടികയിൽ ഇടംപിടിക്കുന്ന കർഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ട് ലഭ്യമാക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.

ഉത്തർപ്രദേശിലാണ് ഏറ്റവുമധികം കർഷകർ കിസാൻ സമ്മാൻ നിധിയിലൂടെ പണം കൈപ്പറ്റിയത്. മാർച്ച് ഏഴുവരെയുള്ള കണക്കനുസരിച്ച് ഉത്തർപ്രദേശിലെ 74.71 ലക്ഷം കർഷകർ ആദ്യഗഢുവായ 2,​000 രൂപവീതം കൈപ്പറ്റി. ആന്ധ്രാപ്രദേശ് (32.15 ലക്ഷം)​,​ ഗുജറാത്ത് (25.58 ലക്ഷം)​, തെലങ്കാന (14.41 ലക്ഷം), തമിഴ്‌നാട് (14.01 ലക്ഷം), മഹാരാഷ്‌ട്ര (11.55 ലക്ഷം), ഹരിയാന (8.34 ലക്ഷം), അസാം (8.09 ലക്ഷം), ഒഡിഷ (8.07 ലക്ഷം) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.