തിരുവനന്തപുരം :കേരളത്തിൽ വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളായി ബി.ജെ.പി കരുതുന്ന പത്തനംതിട്ടയിലും പാലക്കാട്ടും സ്ഥാനാർത്ഥി നിർണയം വൈകുന്നു. ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെച്ചൊല്ലിയുള്ള തർക്കമാണ് സ്ഥാനർത്ഥി നിർണയം വൈകുന്നതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
പാലക്കാടും പത്തനംതിട്ടയും സ്ഥാനാർത്ഥികളാകാൻ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയതാണ് ബി.ജെ.പി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുമാണ് പത്തനംതിട്ട മണ്ഡലത്തിനായി രംഗത്തുള്ളത്. പത്തനംതിട്ടയോ തൃശ്ശൂരോ ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാടാണ് സുരേന്ദ്രേതെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം മറ്റൊരു സംസ്ഥാന ജനറൽ സെക്രട്ടറിയായ എം.ടി. രമേശും പത്തനംതിട്ടയ്ക്ക് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനും സെക്രട്ടറി സി കൃഷ്ണകുമാറാണ് പാലക്കാട് സീറ്റിനായി രംഗത്തുള്ളത്.
പാലക്കാട് ജില്ലാ നേതൃത്വം സി.കൃഷ്ണകുമാർ മത്സരിക്കുന്നതിനാണ് താത്പര്യം അറിയിച്ചിട്ടുള്ളത്. എന്നാൽ പാലക്കാട് ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്നാണ് ശോഭ സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
തർക്കമുള്ള സീറ്റുകളിൽ ഒന്നിലധികം പേരുകൾ ഉൾപ്പെടുത്തിക്കൊണ്ട് പട്ടിക തയ്യാറാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഒരു അതേസമയം സീറ്റിനെ ചൊല്ലി തർക്കമില്ലെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.കോർ കമ്മിറ്റി തയാറാക്കുന്ന പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച ശേഷം ആയിരിക്കും ദേശീയ നേതൃത്വത്തിന് കൈമാറുക.