delhi-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാർട്ടിയമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു

കഴിഞ്ഞ ആഴ്ച യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് ആം ആദ്മി പാർട്ടുയമായി ഒരു സഖ്യത്തിനുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ തീരുമാനം രാഹുൽ ഗാന്ധി പുനഃപരിശോധിക്കണമെന്ന് ആംഅദ്മി ആവശ്യപ്പെട്ടു. 15 വർഷത്തെ കോൺഗ്രസിന്റെ ഡൽഹി ഭരണം അവസാനിപ്പിച്ച അരവിന്ദ് കേജ്‌രിവാളിന്റെ പാർട്ടിയുമായി ഒരുകൂട്ടുകെട്ടിനുമില്ലെന്ന് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഷീല ദീക്ഷിത് ആവർത്തിച്ചു

ഡൽഹിയിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ചിതറാതിരിക്കാൻ ആം ആദ്മിയുമായി സഖ്യത്തിലേർപ്പെടാൻ കോൺഗ്രസിന് മേൽ ബാഹ്യസമ്മർദ്ദമുണ്ടായിരുന്നു. ഇതിനിടെയാണ് ഡൽഹിയിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം.


മോദി - അമിത് ഷാ സഖ്യത്തെ പരജായപ്പെടുത്താൻ രാജ്യം മുഴുവൻ ശ്രമിക്കുമ്പോൾ ബി.ജെ.പി വിരുദ്ധ വോട്ടുകൾ വിഘടിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്ന് അരവിന്ദ് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. ബി.ജെ.പിയുമായി കോൺഗ്രസ് രഹസ്യധാരണ ഉണ്ടാക്കിയതായും കേ‌ജ്‌രിവാൾ ആരോപിച്ചു. കോൺഗ്രസ് ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെ ഡൽഹിയിലെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.