കോഴിക്കോട്: മലബാർ ഗോൾഡിനും ഡയറക്‌ടർ എം.പി. അഹമ്മദിനുമെതിരെ അപകീർത്തിപരമായ വാർത്ത പ്രസിദ്ധപ്പെടുത്തിയതിന് ഡൽഹിയിലെ സ്വകാര്യ ചാനലിന് എതിരെയുള്ള മാനനഷ്‌ടകേസിൽ മലബാർ ഗോൾഡിന് 50 ലക്ഷം രൂപയും കോടതി ചെലവുകളും നഷ്ടപരിഹാരമായി നൽകാൻ കോഴിക്കോട് സബ്‌കോടതി-രണ്ട് വിധിച്ചു.

ദുബായിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനം പാകിസ്‌താന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെയും വിവിധ മത്സരങ്ങൾ നടത്തുന്നതിന്റെയും സി.ഡി. എടുത്ത് മലബാർ ഗോൾഡ് ചെന്നൈയിൽ വെച്ച് നടത്തിയതാണെന്ന് കാണിച്ച് സംപ്രേഷണം ചെയ്യുകയായിരുന്നെന്നായിരുന്നു പരാതി. 2016 ആഗസ്‌റ്റ് 20ന് ചാനൽ വിവാദമായ ചിത്രവും വാർത്തയും ചർച്ചയും രാജ്യമാസകലം സംപ്രേഷണം ചെയ്‌തത് മലബാർ ഗോൾഡിന് അപകീർത്തിയായെന്നാണ് കോടതി വിധി.
മലബാർ ഗോൾഡ് സ്ഥാപനങ്ങളുടെ വളർച്ചയിൽ അസൂയയും ഏതിർപ്പുമുള്ള ചിലരുടെ നിഗൂഢശ്രമങ്ങളാണ് ഇതിന്റെ പിന്നിലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് സ്ഥാപനം നിയമനടപടി സ്വീകരിച്ചതെന്ന് ഡയറക്‌ടർ എം.പി. അഹമ്മദ് പറഞ്ഞു. ഈ സംഭവത്തിൽ ദുബായിൽ സ്ഥാപനത്തോട് ബന്ധപ്പെട്ട് മുമ്പ് ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരനെതിരെ മാനേജിംഗ് ഡയറക്‌ടർ സമർപ്പിച്ച കേസിൽ അവിടുത്തെ കോടതി ശിക്ഷിച്ചിരുന്നു.
കേസ് ഫയൽ ചെയ്ത് ഹാജരായി കോടതിയിൽ വാദം നടത്തിയത് പി.എസ്. ശ്രീധരൻപിള്ള, കെ. റീത, അരുൺകൃഷ്ണ ധൻ എന്നിവരാണ്. കേസിന്റെ വിധി സത്യത്തിന്റെയും ധർമ്മത്തിന്റെയും നീതിയുടെയും വിജയമാണെന്ന് ഡയറക്‌ടർ എം.പി. അഹമ്മദ് പറഞ്ഞു.