കൊച്ചി: ആരോഗ്യരംഗത്ത് സഹകരിച്ച് പ്രവർത്തിക്കാൻ കേരളത്തിന് കിഴക്കൻ യൂറോപ്പ്യൻ രാജ്യമായ മോൾഡോവയുടെ ക്ഷണം. മോൾഡോവ ദേശീയ മെഡിക്കൽ സർവകലാശാലയുടെ ചാൻസലറും മുൻ ആരോഗ്യ മന്ത്രിയുമായ ഡോ. ഇയോൺ അബാബിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കെ. ഷൈലജ, അഡിഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ എന്നിവരുമായി ഇതുസംബന്ധിച്ച് കൂടിക്കാഴ്‌ച നടത്തി.
മറ്ര് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ഉയർന്ന പൊതുജനാരോഗ്യ നിലവാരം, പകർച്ചവ്യാധി നിയന്ത്രണത്തിലുള്ള മികച്ച പ്രവർത്തനങ്ങൾ എന്നിവയിൽ സർക്കാർ കാഴ്‌ചവയ്‌ക്കുന്ന മികവിനെ ലോക ആരോഗ്യ സംഘടനാ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ഡോ. അബാബി പ്രശംസിച്ചു. സ്‌റ്റുഡന്റ് ഇന്റേൺഷിപ്പിന് കേരളത്തിലെ തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവയുമായി ധാരണയ്ക്ക് താത്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരുമാസം മുതൽ ആറുമാസം വരെയുള്ള ഇന്റേൺഷിപ്പുകൾക്ക് വിദേശത്തു നിന്ന് കേരളത്തിൽ വിദ്യാർത്ഥികളെത്തും. നിലവിൽ 36 രാജ്യങ്ങളിൽ നിന്നായി 6,200 വിദ്യാർത്ഥികൾ മോൾഡോവൻ സർവകലാശാലയിൽ പഠിക്കുന്നുണ്ട്.
മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്ക് മോൾഡോവ സന്ദർശിക്കാനുള്ള ക്ഷണവും സംഘം കൈമാറി. മോൾഡോവൻ സർവകലാശാലയിൽ ആയുർവേദ ചെയർ സ്ഥാപിക്കാൻ സന്നദ്ധമാണെന്നും സംഘം അറിയിച്ചു. സർവകലാശാല വൈസ് റെക്‌ടർ ഡോ. ഇഗോർ സെമോർട്ടർ, പ്രൊഫ. ലുഡ്‌വില അബാബി, ഇന്ത്യൻ പ്രതിനിധി ആർ. മനു, ഔഷധി ചെയർമാൻ ഡോ.കെ.ആർ. വിശ്വംഭരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.