കൊച്ചി: എറണാകുളത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി പി.രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംവിധായകൻ മേജർ രവി. പല രാജ്യസഭാ എം.പിമാരും പാർലമെന്റിൽ പോകുന്നത് പെൻഷന് വേണ്ടിയാണെന്നും എന്നാൽ പി. രാജീവ് രാജ്യസഭാ എം.പി എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയെന്നും മേജർ രവി വ്യക്തമാക്കി. ബി.ജെ.പി അനുഭാവിയായി അറിയപ്പെട്ടിരുന്ന മേജർ രവി ഇടത് വേദിയിൽ സി.പി.എം സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ചത് പലരിലും കൗതുകം സൃഷ്ടിച്ചു.
താൻ വേദിയിൽ എത്തിയതിൽ പലരുടെയും നെറ്റിയിൽ ചുളിവ് കാണുന്നുണ്ട്. എന്നാൽ രാജീവ് തനിക്ക് അനിയനെ പോലെയാണെന്ന് മേജർ രവി പറഞ്ഞു. പല രാജ്യസഭാ എം.പിമാരും പെൻഷൻ കാശ് വാങ്ങാൻ മാത്രം പോകുന്നവരാണ്. രാജ്യസഭാ എം.പി എന്ന നിലയിൽ രാജീവ് നന്നായി പ്രവർത്തിച്ചു. രാജ്യസഭാ എം.പി എന്നാൽ ആരാണെന്ന് രാജീവ് കാണിച്ച് തന്നു. ലോക്‌സഭാംഗമായാലും രാജീവിന് ഒരുപാട് കാര്യം ചെയ്യാനുണ്ടാകും. അതുകൊണ്ട് മാത്രമാണ് താനീ വേദിയിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു.
താൻ ഒരു രാജ്യസ്‌നേഹിയാണ്. ജനങ്ങൾക്ക് ഉപകരിക്കുന്ന ജനപ്രതിനിധികളെയാണ് തനിക്ക് ആവശ്യം. 798 ചോദ്യങ്ങളാണ് രാജീവ് പാർലമെന്റിൽ ഉന്നയിച്ചത്. ഇന്നത്തെ രാജ്യസഭാ എം.പിമാരിൽ പലർക്കും അഞ്ചും ആറും ദിവസമാണ് ഹാജരുള്ളത്.
രാജീവ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി വോട്ട് ചോദിക്കുന്നതെന്നും മേജർ രവി പറഞ്ഞു.