ന്യൂഡൽഹി: യുദ്ധമുഖത്ത് മാരകമായി പരിക്കേറ്റ് വീരചരമമടയുന്ന സൈനികർക്ക് പ്രതീക്ഷയായി ഡി.ആർ.ഡി.ഒ മെഡിക്കൽ ലബോറട്ടറി അടിയന്തര മരുന്ന് കണ്ടെത്തി. മാരക പരിക്കുമൂലം മികച്ച ചികിത്സ കിട്ടാൻ വൈകി മരണമടയുന്ന സൈനികരുടെ ജീവൻ രക്ഷിക്കാൻ പുതിയ മരുന്നിന് കഴിയുമെന്നാണ് പ്രതീക്ഷ.
രക്തം വാർന്നൊഴുകുന്ന ആഴത്തിലുള്ള മുറിവ് അടയ്ക്കുന്ന വസ്തുക്കൾ, മുറിവിലെ രക്തം പൂർണമായി വലിച്ചെടുക്കുന്ന പഞ്ഞി - തുണി, ഗ്ലിസറിൻ ഉപയോഗിച്ചിട്ടുള്ള സലൈൻ ലായനികൾ തുടങ്ങിയവ അടങ്ങുന്നതാണ് പുതിയ മരുന്ന്. ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നൂക്ലിയർ മെഡിസിൻ ആൻഡ് അല്ലൈഡ് സയൻസ് ലബോറട്ടറിയിലാണ് പുതിയ മരുന്നുകൾ കണ്ടുപിടിച്ചത്. പരിക്കേറ്റ് മണിക്കൂറുകൾക്കുള്ളിൽ ഉപയോഗിക്കുകയാണെങ്കിൽ ജീവൻ രക്ഷിക്കാൻ ഈ മരുന്നുകൾ സഹായിക്കുമെന്നാണ് കരുതുന്നത്.
പുതിയ മരുന്നുകൾ ഉപയോഗിച്ചാൽ യുദ്ധമുഖത്തുനിന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ അമിതമായി രക്തം വാർന്നപോയുള്ള ബുദ്ധിമുട്ടുകൾ സൈനികർക്ക് അനുഭവിക്കേണ്ടിവരില്ല. ഗ്ലിസറിൻ ഉപയോഗിച്ചിട്ടുള്ള സലൈൻ ലായിനികൾ 18 ഡിഗ്രി കാലാവസ്ഥയിലും കട്ടിപിടിക്കില്ല. ഉയർന്ന പ്രതലത്തിലുള്ള അപകടാവസ്ഥകളെ നേരിടാൻ ഈ ലായിനിക്കു കഴിയും.പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങൾ നടത്തുന്ന ലബോറട്ടറിയാണ് ഐ.എൻ.എം.എ.എസ്.