ന്യൂഡൽഹി: ഈ വർഷം ഐ.പി.എല്ലിന്റെ താരമായി മലയാളികളുടെ സ്വന്തം സഞ്ജു വി. സാംസൺ മാറുമെന്ന് ആസ്ത്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ. ഐ.പി.എല്ലിലേക്കുള്ള തന്റെ തിരിച്ചുവരവ് അറിയിച്ച് ഇട്ട ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഷെയ്ൻ വോണിന്റെ പ്രവചനം. തന്നെ ഫോളോചെയ്യുന്നവരോട് അത് അംഗീകരിക്കുന്നുണ്ടോ എന്നും വോൺ ചോദിച്ചു.
ഫോളോവേഴ്സ് വോണിന്റെ അഭിപ്രായത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കാരണം രാജസ്ഥാന് വേണ്ടി ഇതു വരെയുള്ള ഐ.പി.എൽ സീസണുകളിൽ സഞ്ജു മികച്ച പ്രകടനമാണ് നടത്തിയത്. 81 ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് 1867 റൺസാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ഇതിൽ ഒരുസെഞ്ച്വറിയും 10 അര്‍ദ്ധ സെഞ്ച്വറികളും ഉൾപ്പെടും. ഐ.പി.എല്ലിൽ മികച്ച റൺ റേറ്റുള്ള താരങ്ങളിലൊരാളായ സഞ്ജുവിനെ കോടികൾ നൽകിയാണ് രാജസ്ഥാൻ ഇത്തവണയും സ്വന്തമാക്കിയത്.