rahul-gandhi-

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ജെയ്‌ഷെ മുഹമ്മദ് തലവനെ 'ജി' ചേർത്ത് അഭിസംബോധന ചെയ്ത കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിവാദത്തിൽ. ഡൽഹിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുൽ മസൂദ് അസറിനെ 'ജി' ചേർത്ത് വിളിച്ചത്. സംഭവത്തെ തുടർന്ന് രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

'പുൽവാമയിലുണ്ടായ ആക്രമണത്തിൽ 40-45 സി.ആർ.പി.എഫ് ജവാൻമാർ രക്തസാക്ഷികളായി. ആരാണ് ജവാൻമാരുടെ ബസിൽ ബോംബ് ആക്രമണം നടത്തിയത്? ജെയ്‌ഷെ മുഹമ്മദ്. നിങ്ങൾ മസൂദ് അസറിനെ ഓർമിക്കുന്നുണ്ടാകും. 56 ഇഞ്ചുകാരുടെ മുൻകാല സർക്കാരിന്റെ കാലത്ത് ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഒരു വിമാനത്തിൽ 'മസൂദ് അസർജി'യുമായി എത്തി, അദ്ദേഹത്തെ പാകിസ്ഥാന് കൈമാറി' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ വിവാദ പരാമർശം.

അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധവുമായെത്തിയ ബി.ജെ.പി, കോൺഗ്രസ് അദ്ധ്യക്ഷൻ തീവ്രവാദികളെ സ്‌നേഹിക്കുന്ന ആളാണെന്ന് സൂചിപ്പിക്കുന്ന #RahulLovesTerrorists എന്ന ഹാഷ് ടാഗുമായി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു.