ആലപ്പുഴ: രാജ്യം ഭരിക്കുന്നത് അദാനിമാരും അംബാനിമാരുമാണെന്നും ഇവരിൽ നിന്ന് കമ്മിഷൻ കൈപ്പറ്റുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വൻകിട കുത്തകകളുടെ കളിപ്പാവയാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. എൽ.ഡി.എഫ് ആലപ്പുഴ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ആലപ്പുഴ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.
ഫാസിസ്റ്റുകളുടെ കൈകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയാണ് ഇടത് പാർട്ടികളുടെ ലക്ഷ്യം. തീവ്രവാദികൾ ബോംബ് വച്ച് സൈനികരുടെ ജീവൻ കവരും വിധം രാജ്യസുരക്ഷ ശിഥിലമാക്കി. നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക രംഗം കുത്തഴിഞ്ഞു. എല്ലാ രംഗത്തും അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്നു. റാഫേൽ യുദ്ധവിമാന ഇടപാടിലെ അഴിമതിക്കഥകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കുന്നതിന്റെ ഭാഗമായി സി.ബി.ഐയുടെ തലപ്പത്ത് സ്വന്തക്കാരെയും ഇഷ്ടക്കാരെയും നിയമിച്ചു. ഹിന്ദുരാജ്യമായി ഭാരതത്തെ മാറ്റാൻ ബി.ജെ.പി കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു. സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ ബി.ജെ.പിയും കോൺഗ്രസും തുല്യരാണെന്നും ഇവരുടെ നയങ്ങളെ എതിർത്ത് തോല്പിക്കണമെന്നും വി.എസ് പറഞ്ഞു.