കൊൽക്കത്ത: ബന്ധുവല്ലാത്തയാൾക്ക് മജ്ജദാനം നൽകിയ ആദ്യവനിതയായി കോയമ്പത്തൂർ സ്വദേശിനി മസിലാമണി. 26 വയസുള്ള മസിലാമണി ന്യൂഡൽഹിയിൽനിന്നുള്ള മൂന്നുമാസം പ്രായമുള്ള കുഞ്ഞിനാണ് മജ്ജദാനം നടത്തിയത്.
കോയമ്പത്തൂരിനടുത്ത മുധലിപ്പാളയം സ്വദേശിനിയാണ് മസിലാമണി. ഇരുപതാമത്തെ വയസിലായിരുന്നു മസിലാമണിയുടെ വിവാഹം, ഭർത്താവ് കവിരസൻ. വിവാഹം കഴിഞ്ഞ ഒരുവർഷത്തിന് ശേഷം അവർക്ക് ഒരു പെൺകുഞ്ഞ് പിറന്നു. പക്ഷേ കുട്ടി തലാസീമിയ രോഗിയായിരുന്നു. കുട്ടിക്ക് ചേരുന്ന രക്തകോശങ്ങൾ ലഭ്യമാണോ എന്നറിയാൻ വേണ്ടി ഇരുവരും ‘ദാത്രി’ എന്ന രക്തകോശ ദാതാക്കളുടെ രജിസ്ട്രിയിൽ പേരുചേർത്തു. അങ്ങനെയാണ് മജ്ജദാതാവാകാൻ തനിക്കാകുമെന്ന് അവർ തിരിച്ചറിഞ്ഞത്. എന്നാൽ, വീട്ടുകാർ മജ്ജദാനത്തെ എതിർത്തു. മജ്ജദാനത്തിന് ശേഷം മസിലാമണിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നായിരുന്നു അവരുടെ ആശങ്ക. ഭാവിയിൽ അത് പ്രശ്നങ്ങളുണ്ടാക്കുമെന്നും പലരും പറഞ്ഞു.
ഇതിനിടെ, മജ്ജ ദാനത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മസിലാമണി ശേഖരിക്കുകയും അതിന് ഒരു വിധ പാർശ്വഫലങ്ങളും ഇല്ലെന്ന് തിരിച്ചറിയുകയും ചെയ്തു. ഇക്കാര്യം വീട്ടുകാരെയും അറിയിച്ചു. മസിലാമണിക്ക് എല്ലാപിന്തുണയുമായി ഭർത്താവും കൂടെയുണ്ടാിയിരുന്നു. അങ്ങനെയാണ് അവർ ഒരു കുഞ്ഞുജീവന് തുണയായത്. ഒത്തുവന്നാൽ വീണ്ടും മജ്ജദാനത്തിന് ഒരുക്കമാണെന്ന് മസിലാമണി പറയുന്നു.