തിരുവനന്തപുരം: കുംഭപ്പാതിയിൽത്തന്നെ തലസ്ഥാനം ഉഷ്ണകുംഭമായി മാറിയതാണ്. മീനം തുടങ്ങും മുമ്പേ ചൂട് 34 ഡിഗ്രിയിലെത്തി. ഇനിയങ്ങോട്ട് ഉഷ്ണത്തോട് ഉഷ്ണം തന്നെ. അതിനിടയ്ക്കാണ് തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. ചൂടാണെന്നു പറഞ്ഞ് നേതാക്കൾക്ക് എ.സിയുമിട്ട് വീട്ടിലോ പാർട്ടി ഓഫീസിലോ തണുത്തിരിക്കാൻ പറ്റുമോ! കത്തുന്ന വെയിലത്ത് ഇറങ്ങിയേ പറ്റൂ.
വോട്ടു കിട്ടുന്ന വഴിയേതെന്ന് പ്രവചിക്കാൻ പറ്റില്ല. വോട്ടു പോകുന്ന വഴിയും പിടിയില്ല. അതുകൊണ്ട് വോട്ടറെ നേരിട്ടു കാണാൻ ചുട്ടുപൊള്ളിക്കിടക്കുന്ന പാടത്തും പറമ്പിലുമൊക്കെ വിയർത്തു നടന്നേ പറ്റൂ. അന്തരീക്ഷ ഉഷ്ണത്തിനു മീതെ തലസ്ഥാനം ഇലക്ഷൻ ചൂടിന്റെ എരിതീയിലേക്കു വീണുകഴിഞ്ഞു. പലേടത്തും സൂര്യാഘാതമെന്നൊക്കെ കേൾക്കുന്നുണ്ട്. അതു പേടിച്ച് അകത്തിരുന്നാൽ അതിലും വലിയ ആഘാതമാകും, വോട്ടെണ്ണിക്കഴിയുമ്പോൾ.
വിഴിഞ്ഞം തുറമുഖവും അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പും പോലെ വലിയ കാര്യങ്ങൾ തൊട്ട് യാത്രാ ക്ലേശവും ഹോട്ടൽ ഭക്ഷണ വിലയും പോലെ സാധാരണക്കാരുടെ നിത്യജീവിതപ്രശ്നങ്ങൾ വരെ പ്രചാരണ വിഷയമാകും. ഇനി 42 ദിവസമുണ്ട്, വോട്ടെടുപ്പിന്. ഇടതുപക്ഷത്ത് സി. ദിവാകരനും വലതുപക്ഷത്ത് ശശി തരൂരും താമരപക്ഷത്ത് കുമ്മനവുമെന്ന് തലസ്ഥാനത്തെ സ്ഥാനാർത്ഥിചിത്രം ഉറപ്പായെങ്കിലും യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിൽ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ആരെല്ലാമെന്ന് അന്തിമ രൂപമായിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാനാടിസ്ഥാനത്തിൽ പ്രചാരണച്ചൂട് കനക്കാൻ ഇനിയും സമയമെടുക്കും.
തലസ്ഥാനത്ത് ഉത്സവകാലമാണ്. സ്ഥാനാർത്ഥികൾക്ക് വോട്ടർമാരെ നേരിൽക്കണ്ട് പ്രസാദം തേടാൻ പറ്റിയ അന്തരീക്ഷം. ക്ഷേത്രപരിസരത്താകുമ്പോൾ ശത്രുപക്ഷക്കാർ പോലും മുഖംകറുത്ത് ഒരക്ഷരം പറയില്ല. സ്ത്രീകളെയും കന്നിവോട്ടർമാരെയും കാണാൻ പറ്റിയ ലൊക്കേഷൻ. അതുകൊണ്ട് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് തലസ്ഥാനത്ത് ആദ്യഘട്ടത്തിൽ നടക്കുന്നത്. ഞായറാഴ്ച ക്രിസ്ത്യൻ പള്ളികളിൽ, വെള്ളിയാഴ്ച മസ്ജിദുകളിൽ. വിവാഹത്തിന് ക്ഷണിക്കുകയൊന്നും വേണ്ട അറിഞ്ഞ് എത്തിയിരിക്കും. മരണവീടുകളിൽ ഓടിയെത്തും.
സോഷ്യൽ മീഡിയ നല്ലതിനും അല്ലാത്തതിനുമൊക്കെ ഉപയോഗിക്കുന്ന കാലമാണ്. അമ്പലത്തിലും പള്ളിയിലുമൊക്കെ പോയി നിൽക്കുന്ന സ്ഥാനാർത്ഥികളുടെ ഫോട്ടോയും ദോഷം പറയുന്ന കമന്റുകളുമായി പോസ്റ്റുകൾ വരും. സ്ഥാനാർത്ഥികളെ അപകീർത്തിപ്പെടുത്തി ട്രോളന്മാർ 'പൊങ്കാല'യിട്ടുകളയും.
എന്തായാലും പ്രചാരണം തുടങ്ങുന്നതൊക്കെ പഴയ രീതിയിൽത്തന്നെ. ചുവരെഴുത്തിലാണ് തുടക്കം. നിരോധിക്കാത്ത ചുവരുകളെല്ലാം ബുക്ക്ഡ് ആണ്. പലേടത്തും സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവുമൊക്കെയായി ചുവരുകൾ അടിമുടി വർണമയമായി. പോസ്റ്ററുകളിൽ ആദ്യഘട്ടം സ്ഥാനാർത്ഥിയെ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്യലാണ്. ജയിപ്പിക്കുക എന്ന അഭ്യർത്ഥനയുമായി പോസ്റ്ററുകൾ ഇറങ്ങുന്നത് രണ്ടാംഘട്ടത്തിലാകും. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സി. ദിവാകരനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ നഗരത്തിൽ നിറഞ്ഞുകഴിഞ്ഞു. ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ എത്തിത്തുടങ്ങുന്നതേയുള്ളൂ. യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ സിറ്റിംഗ് എം.പി ആയതിനാൽ സ്വാഗത പോസ്റ്ററുകൾക്ക് സാദ്ധ്യതയില്ല. പകരം ചുമരെഴുത്ത് ഉഷാർ.
ഫ്ലക്സ് ബോർഡുകൾ കോടതി വിലക്കിയതോടെ പകരം വഴി തേടുകയാണ് രാഷ്ട്രീയപ്പാർട്ടികൾ. പഴയതു പോലെ, തുണികളിൽ സ്ഥാനാർത്ഥിയുടെ പടവും ചിഹ്നവുമൊക്കെ പ്രിന്റ് ചെയ്തിറക്കുകയാവും ചെയ്യുക.
കൊണ്ടും കൊടുത്തും
വിഴിഞ്ഞം പദ്ധതി ആരുടെ നേട്ടം? വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് ആർക്കു വേണ്ടി? എന്നിങ്ങനെയുള്ള കാര്യങ്ങളാകും നഗരമേഖലയിൽ കൂടുതലായി ഉയർന്നു കേൾക്കുന്ന വിഷയങ്ങൾ. സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടവും പോരായ്മയുമൊക്കെ പ്രചാരണനാളുകളിൽ ഉയർന്നു കേൾക്കും.
വിലക്കുണ്ടെങ്കിലും ശബരിമല വിഷയം ഏതെങ്കിലുമൊക്കെ രൂപത്തിൽ ചർച്ചയാകും. തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളെ കണ്ണീരിലാഴ്ത്തിയ ഓഖിയും തിരുവനന്തപുരം തൊടാതെ പോയ പ്രളയവും രാഷ്ട്രീയ ആക്രമണ പ്രത്യാക്രമണങ്ങൾക്ക് വിഷയങ്ങളാകും.
തുടിക്കുന്ന തലസ്ഥാനം
സംസ്ഥാനത്താകെയുള്ള 20 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തലസ്ഥാനമാണ് തുടിക്കുന്നത്. മൂന്ന് മുന്നണികളുടെയും പ്രധാന കക്ഷികളുടെ ആസ്ഥാന മന്ദിരങ്ങൾ ഇവിടെയാണ്. എല്ലാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയുന്നതും ഇവിടെ. പ്രധാന തിരഞ്ഞെടുപ്പ് റാലികൾക്കും സമ്മേളനങ്ങൾക്കും റോഡ്ഷോയ്ക്കുമെല്ലാം വേദിയാകുന്നത് നമ്മുടെ സ്വന്തം അനന്തപുരി തന്നെ.