തിരുവനന്തപുരം : സ്ത്രീകൾക്കും കുട്ടികൾക്കും പരാതികളുമായി ഇനി മടിക്കാതെ കമ്മിഷണർ ഓഫീസിലേക്ക് കടന്നുവരാം. നിങ്ങളെ കേൾക്കാനും പരാതികൾക്ക് പരിഹാരം കാണാനും സിറ്റി പൊലീസ് കമ്മിഷണർ റെഡിയാണ്.
സൈബർ ചതിക്കുഴിയിൽപ്പെടാതിരിക്കാൻ കുട്ടികൾക്ക് നേർവഴികാട്ടിയും സോഷ്യൽ മീഡിയയിലെ ക്രിയാത്മക ഇടപെടലിലൂടെ ജനകീയനായ കോറി സഞ്ജയ്കുമാർ ഗുരുദിൻ നഗരത്തിന്റെ ക്രമസമാധാന പാലനത്തിനുള്ള ചുക്കാൻ ഏറ്റെടുത്തു കഴിഞ്ഞു. ഇന്നലെ രാവിലെയാണ് അദ്ദേഹം സിറ്റി പൊലീസ് കമ്മിഷണറായി ചുമതലയേറ്റത്.
നഗരത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ എസ്.ഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 12ന് ചേരും.
സാധാരണക്കാർക്ക് മുന്നിൽ സൗമ്യനാണെങ്കിലും കുറ്റക്കാർക്ക് മുന്നിൽ അത്ര സിംപിൾ അല്ല പുതിയ കമ്മിഷണർ. ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെയും കുട്ടികളെയും കെണിയിലാക്കുന്നവർക്ക് മുന്നിൽ യാതൊരു ഒത്തുതീർപ്പിനും സഞ്ജയ്കുമാർ ഒരുക്കമല്ല. മൂന്ന് വർഷം മുമ്പ് പത്ത് മാസം നഗരത്തിലെ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന സഞ്ജയ്കുമാർ നഗരവാസികൾക്ക് സുപരിചിതനാണ്. കുട്ടികൾക്ക് സൈബർ ലോകത്തെ കുറിച്ച് അവബോധം നൽകുന്ന കിഡ് ഗ്ലോവ് എന്ന പദ്ധതിയുടെ നോഡൽ ഓഫീസർ കൂടിയാണ്. 2005ൽ ഐ.പി.എസ് നേടിയ ഇദ്ദേഹം കൊല്ലം അസിസ്റ്റന്റ് കമ്മിഷണറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കൊല്ലം, പത്തനംതിട്ട, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലും കെ.എ.പി നാലാം ബറ്റാലിയൻ കമൻഡാന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയിൽ ആറ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള പൊലീസ് സൂപ്രണ്ടായി പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ മുജാഹിദ്ദീന്റെ തീവ്രവാദ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണചുമതലയും ഇദ്ദേഹത്തിനായിരുന്നു. പൊലീസ് ആസ്ഥാനത്തെ എസ്.പിയായിരിക്കെ രണ്ട് മാസം മുമ്പ് കോഴിക്കോട് കമ്മിഷണറായി ചുമതലയേറ്റു. കോഴിക്കോട്ടെ ചുരുങ്ങിയ കാലത്തെ സേവനത്തിന് ശേഷമാണ് സഞ്ജയ്കുമാർ നഗരത്തിലേക്ക് എത്തിയത്. കമ്മിഷണറെന്ന നിലയിൽ ശ്രദ്ധേയനായ പി. പ്രകാശിന് ശേഷം നിയമിതനായ എസ്. സുരേന്ദ്രനെ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാറ്റിയ ശേഷം കെ. സേതുരാമനെ നിയമിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും മാറ്റമുണ്ടായത്.
എൻജിനിയറിംഗ് ബുദ്ധിയുള്ള പൊലീസുകാരൻ
എല്ലാവിഷയങ്ങളെയും സിസ്റ്റമാറ്രിക്കായി സമീപിക്കുന്ന എൻജിനിയറിംഗ് ബുദ്ധിജീവിയാണ് കോറി സഞ്ജയ്കുമാർ ഗരുദിൻ. മുംബയ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് മെക്കാനിക്കൽ എൻജിനിയറിംഗ് പാസായത്. പ്രൊഡക്ഷൻ എൻജിനിയറിംഗ് പ്രാവീണ്യം നേടിയ ഇദ്ദേഹം മഹീന്ദ്രയിൽ ഒരുവർഷക്കാലം ട്രെയിനി എൻജിനിയറായിരുന്നു. തുടർന്ന് ഡൽഹി മെട്രോയുടെ ആദ്യ എൻജിനിയറിംഗ് സംഘത്തിലെ അംഗമായി. ഡി.എം.ആർ.സിയിൽ സ്റ്റേഷൻ കൺട്രോളറായി മൂന്ന് വർഷം പ്രവർത്തിച്ചു.
കുട്ടികൾക്ക് വഴികാട്ടിയ "ഈസ് യുവർ ചൈൽഡ് സേഫ് " ?
സൈബർ ചതിക്കുഴികളിൽപ്പെടാതെ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ വഴികാട്ടിയ പുസ്തകമാണ് ഈസ് യുവർ ചൈൽഡ് സേഫ്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് നേടിയ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ സഞ്ജയ്കുമാർ രചിച്ച പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ എന്ന തലക്കെട്ടിൽ മലയാളത്തിലും പുസ്തകം പരിഭാഷപ്പെടുത്തി. ഹിന്ദിക്ക് ശേഷം ഇപ്പോൾ തമിഴിലും അറബിയിലും പരിഭാഷപ്പെടുത്തിയ പുസ്തകം ഉടൻ പുറത്തിറങ്ങും.
" സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനാണ് പ്രധാന പരിഗണന. നഗരത്തിലെ ഗതാഗതകുരുക്ക് കുറച്ച് യാത്ര കൂടുതൽ സുഗമമാക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കും."
- കോറി സഞ്ജയ്കുമാർ ഗുരുദിൻ
സിറ്റി പൊലീസ് കമ്മിഷണർ