തിരുവനന്തപുരം: എസ്.എം.വി സ്കൂളിന്റെ കളിസ്ഥലമായ മാഞ്ഞാലിക്കുളം ഗ്രൗണ്ട് മുഖച്ഛായ മാറ്റുന്നു. കഴിഞ്ഞ രണ്ട് വർഷമായി നടക്കുന്ന ഗ്രൗണ്ട് പുനരുദ്ധാരണം ഏപ്രിൽ ആദ്യവാരത്തോടെ പൂർത്തിയാകും. ഇതോടെ ഗ്രൗണ്ടിന്റെ മുഖച്ഛായ തന്നെ മാറും. മഴ പെയ്താൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോൾ മാഞ്ഞാലിക്കുളം ഗ്രൗണ്ടിലും വെള്ളം കയറുന്ന സ്ഥിതിവിശേഷമാണുണ്ടായിരുന്നത്.
വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതികളുടെ ഭാഗമായി മാഞ്ഞാലിക്കുളം ഗ്രൗണ്ടിൽ മഴവെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കും. ഇതിനൊപ്പം ജോഗിംഗ് പാർക്ക്, ഇൻഡോർ സ്റ്റേഡിയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി മനോഹരമാക്കും കൂടാതെ ജനങ്ങൾക്ക് രാവിലെയും വൈകിട്ടും വ്യായാമത്തിനുള്ള നടപ്പാതയും പൂർത്തിയായി വരുന്നു. നടപ്പാതകൾ എല്ലാം ഇന്റർലോക്ക് പാകി ഭംഗിയാക്കും.
മാഞ്ഞാലിക്കുളം ഗ്രൗണ്ടിൽ മഴവെള്ളം ശേഖരിക്കാനുള്ള സംവിധാനം പൂർണമാകുന്നതോടെ തമ്പാനൂർ, എസ്.എസ് കോവിൽ റോഡിൽ വെള്ളക്കെട്ടുണ്ടാകില്ല. ഗ്രൗണ്ട് താഴ്ന്നും പ്രദേശം ഉയർന്നും സ്ഥിതി ചെയ്യുന്നതിനാൽ ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തുന്നത് പ്രായോഗികമല്ല. എസ്.എസ് കോവിൽ റോഡിന് എതിർവശത്തു കൂടിയുള്ള ഇടവഴി അവസാനിക്കുന്നിടത്തെ തോട്ടിലൂടെയാണ് മാഞ്ഞാലിക്കുളത്ത് നിന്ന് വരുന്ന വെള്ളം ഓടയിൽ എത്തിയിരുന്നത്. ഈ ഓട മൂടിയതിനാലാണ് ഗ്രൗണ്ടിനകത്ത് തന്നെ മഴവെള്ളം സംഭരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
സാമൂഹ്യവിരുദ്ധരും മാലിന്യവും
ഗ്രൗണ്ടിൽ മാലിന്യം തള്ളലും സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാണ്. മതിലിന്റെ ഉയരം കാരണം രാത്രി പട്രോളിംഗ് നടത്തുന്ന പൊലീസ് സംഘത്തിനും ഗ്രൗണ്ടിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ കഴിയില്ല. സുതാര്യമായ വേലി വരുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. ഇതോടൊപ്പം ഗ്രൗണ്ടിന്റെ പ്രവേശന കവാടത്തിലെ ആർച്ച് നിർമ്മാണവും അവസാനഘട്ടത്തിലാണ്. റോഡ് വീതി കൂട്ടൽ ഉണ്ടാകുമെന്നത് മുൻകൂട്ടി കണ്ട് ആർച്ച് പരമാവധി ഗ്രൗണ്ടിനകത്തേക്ക് കയറ്റിയാണ് നിർമ്മിക്കുന്നത്.
ആകെ കരാർത്തുക 46 ലക്ഷം
കോൺട്രാക്ടുകൾ ...2
കോൺട്രാക്ട് 1
കാലഘട്ടം: 2017- 18 കരാർത്തുക: 26 ലക്ഷം
വേലി കെട്ടുന്നതും നടപ്പാത നിർമ്മാണവും
നിർമ്മാണം പൂർത്തിയാക്കാൻ തുക തികഞ്ഞില്ല
കോൺട്രാക്ട് 2
കാലഘട്ടം: 2018-19
കരാർത്തുക 20 ലക്ഷം
ആർച്ച് നിർമ്മാണവും മറ്റു പ്രവൃത്തികളും
കാമറകൾ വരും
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം ഗ്രൗണ്ടിൽ മാലിന്യങ്ങൾ തടയുന്നതിനും സാമൂഹ്യവിരുദ്ധ ശല്യം തടയുന്നതിനുമായി കാമറകൾ സ്ഥാപിക്കാനും ആലോചനയുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി കാമറകൾ സ്ഥാപിക്കാനാണ് തീരുമാനം.
നിലവിൽ ഗ്രൗണ്ടിന് വലിയൊരു മതിലാണുള്ളത്. മതിലിന്റെ ഉയരം മറയാക്കി പലരും ഗ്രൗണ്ടിൽ മാലിന്യങ്ങൾ തള്ളുന്നുണ്ട്. ഇതിന് പരിഹാരമെന്നോണം മതിലിന്റെ ഉയരം കുറച്ച ശേഷം വേലി കെട്ടാനാണ് ഉദ്ദേശിക്കുന്നത്. വേലി സ്ഥാപിക്കുന്നതോടെ മാലിന്യം തള്ളുന്നവരെ കണ്ടെത്താനുമാകും.
എം.വി. ജയലക്ഷ്മി, വാർഡ് കൗൺസിലർ