തിരുവനന്തപുരം: വെറും 18 വയസ് മാത്രമുള്ള മെലിഞ്ഞ ഒരു സാധാരണ പെൺകുട്ടി. കാര്യവട്ടം സ്വദേശി വർഷ നായരെ ആദ്യമായി കാണുന്നവർക്ക് അങ്ങനെയേ തോന്നൂ. എന്നാൽ ആള് നിസാരക്കാരിയല്ല. അതറിയണമെങ്കിൽ ഈ കൊച്ചുപെൺകുട്ടിയുടെ വീട്ടിലെ ഷോക്കേസിലെ ട്രോഫികൾ കണ്ടാൽ മതി. വേൾഡ് ഷോട്ടോക്കാൻ കരാട്ടെയിൽ തേർഡ് ഡാൻ ബ്ലാക്ക് ബെൽറ്ര് നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് വർഷ നായർ.
അഞ്ചാം വയസ് മുതൽ കരാട്ടെ അഭ്യസിക്കുന്ന വർഷ ജനിച്ചതും വളർന്നതുമെല്ലാം സൗദിയിലാണ്. മിഡിൽ ഈസ്റ്രിലെ തന്നെ പ്രമുഖ കരാട്ടെ പരിശീലകൻ ഇബ്രാഹിം ചാലിയതിൽ നിന്ന് പാഠങ്ങൾ അഭ്യസിക്കാൻ കഴിഞ്ഞതാണ് തന്റെ നേട്ടങ്ങൾക്ക് കാരണമെന്ന് പറയുമ്പോൾ വർഷയുടെ കണ്ണിൽ അഭിമാനത്തിന്റെ തിളക്കം. സ്ത്രീകൾക്ക് വേണ്ടി വി 4 അക്കാഡമി ഫോർ മാർഷ്യൽ ആർട്സ് എന്ന പേരിൽ ഒരു കരാട്ടെ അക്കാഡമിയും വർഷയുടെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് പ്രവർത്തനം ആരംഭിച്ചു. സ്വയരക്ഷയ്ക്കു വേണ്ടി സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് വർഷയെ അക്കാഡമി തുടങ്ങാൻ പ്രേരിപ്പിച്ചത്. ദമാം യൂണിവേഴ്സിറ്റി മുൻ റിസർച്ച് ഓഫീസർ വിജയകുമാറിന്റെയും പുഷ്പയുടെയും മകളാണ് വർഷ. ഏക സഹോദരനായ വൈശാഖും കരാട്ടെ അഭ്യസിക്കുന്നുണ്ട്. നല്ലൊരു നർത്തകി കൂടിയായ ഈ പെൺകുട്ടി ഇപ്പോൾ മാർ ഗ്രിഗോറിയോസ് കോളേജിലെ ഒന്നാം വർഷ നിയമവിദ്യാർത്ഥിനിയാണ്.
വി 4 മാർഷ്യൽ ആർട്സ്
സ്ത്രീശാക്തീകരണം വാക്കിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്ന ബോദ്ധ്യത്തിൽ നിന്നാണ് അക്കാഡമിയുടെ പിറവി. സുരക്ഷയെക്കാളുപരി ശാരീരികക്ഷമത, പൊണ്ണത്തടി കുറയ്ക്കൽ, മാനസിക ധൈര്യം, ഏത് സാഹചര്യത്തിലും പിടിച്ച് നിൽക്കാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങൾ നൽകാൻ കരാട്ടെയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചതാണ്. അതനുസരിച്ചാണ് വി 4 അക്കാഡമി ഫോർ മാർഷ്യൽ ആർട്സിന്റെ പ്രവർത്തനങ്ങളും തയ്യാറാക്കിയിരിക്കുന്നത്.