തിരുവനന്തപുരം: കനത്ത ചൂടിൽ നിന്നു രക്ഷ നേടാൻ മൃഗശാലയിലെ ജന്തുക്കൾക്കും പക്ഷികൾക്കും മറ്റും പ്രത്യേകം ഭക്ഷണവും രണ്ട് നേരം കുളിയും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണ് മൃഗശാല അധികൃതർ. പൊള്ളുന്ന വെയിലിൽ നിന്നു മൃഗങ്ങൾക്കും മറ്റ് ജീവികൾക്കും ആശ്വാസകരം എന്ന നിലയിലാണ് തണുപ്പിക്കൽ പ്രക്രിയ തുടങ്ങിയിരിക്കുന്നത്. ഇത്തവണ വേനൽ ചൂട് നേരത്തേ തുടങ്ങിയതിനാലാണ് മൃഗങ്ങളെ തണുപ്പിക്കലും നേരത്തേ തുടങ്ങിയതെന്ന് ജീവനക്കാർ പറയുന്നു. ചൂടിനെ മറികടക്കാനായി രണ്ടും മൂന്നും നേരമാണ് മൃഗങ്ങളെ കുളിപ്പിക്കുന്നത്. പക്ഷികൾക്കും മറ്റ് ജന്തുക്കൾക്കും ചൂടിൽ നിന്ന് രക്ഷനേടാനായി ആവശ്യത്തിന് വെള്ളവും ഓരോ കൂടുകളിലും ശേഖരിച്ച് വയ്ക്കുന്നുണ്ട്. ചൂട് നിയന്ത്രിക്കാൻ പറ്റാത്ത കൂടുകളിൽ ഫാൻ സൗകര്യവും, ആനക്കൊണ്ട, രാജവെമ്പാല തുടങ്ങിയ പാമ്പുകൾക്കായി കൂട്ടിൽ എ.സിയും കൂടുതൽ വെയിലടിക്കുന്ന സ്ഥലങ്ങളിൽ തണലിനായി ഓലപ്പന്തലും ഒരുക്കുന്നുണ്ട്.
ചൂടിൽ നിന്നു രക്ഷനേടാനായി ഹിപ്പൊപൊട്ടാമസ്, മ്ലാവ്, കടുവ, കുരങ്ങ്, കരടി തുടങ്ങിയവയുടെ കൂടുകളിലെ കുളങ്ങളിൽ എപ്പോഴും വെള്ളം നിറച്ച് സൂക്ഷിക്കും. നീലക്കാള, ഒട്ടകപ്പക്ഷി, പാമ്പുകൾ, കടുവ, സിംഹം എന്നിവയുടെ കൂടുകളിൽ ഫാൻ വച്ചു. പുള്ളിപ്പുലി, കടുവ, എമു എന്നിവയുടെ കൂടുകളിൽ തണുപ്പിക്കുന്നതിന്റെ ഭാഗമായി പുതുതായി ഷവർ സൗകര്യവും ഏർപ്പെടുത്തി. രാവിലെ 11 മുതൽ വെെകിട്ട് 3 വരെയുള്ള സമയങ്ങളിലായിരിക്കും ഷവർ പ്രവർത്തിപ്പിക്കുക. കൃത്യമായ ഇടവേളകളിൽ മൃഗങ്ങളുടെ ശരീരം കീപ്പർമാർ നനച്ച് കൊടുക്കും. പുള്ളിമാൻ, മ്ലാവ്, കാട്ടുപോത്ത്, ഒട്ടകപ്പക്ഷി തുടങ്ങിയവയുടെ കൂടുകളിലാണ് വെയിലിനെ പ്രതിരോധിക്കാൻ ഓല ഷെൽട്ടറിന്റെ പണി പുരോഗമിക്കുന്നത്.
ഹിമാലയൻ കരടി പോലുള്ളവയ്ക്ക് ചൂടിനെ പ്രതിരോധിക്കാൻ പഴവർഗങ്ങൾ മുറിച്ച് വെള്ളത്തിലിട്ട് എെസ് രൂപത്തിലാക്കിയാണ് നൽകുന്നത്. പക്ഷികൾക്ക് വെള്ളത്തിൽ വെെറ്റമിൻസ്, മിനറൽസ് എന്നിവയും ചേർത്ത് നൽകുന്നു. മൃഗങ്ങൾക്ക് ജലാംശം ധാരാളമടങ്ങിയ തണ്ണിമത്തൻ, പഴം, വെള്ളരിക്ക, കാരറ്റ് തുടങ്ങിയവയും കൂടുതലായി നൽകുന്നുണ്ട്. കൂടുകളിലെ പുല്ല് ഉണങ്ങാതിരിക്കാൻ സ്പ്രിംഗ്ളർ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തുറസായ കൂടുകൾ നനച്ച് കൊടുക്കാൻ പവർ കൂടുതലുള്ള സ്പ്രേ പമ്പുകളും വാങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
' വെള്ളത്തിന്റെ കുറവ് വരാതിരിക്കാൻ എല്ലാ കൂടുകൾക്ക് സമീപവും ടാങ്കുകളിൽ വെള്ളം ശേഖരിച്ച് വച്ചിട്ടുണ്ട്. മൃഗങ്ങളുടെ ശരീരം നനച്ച് കൊടുക്കാൻ കുളത്തിലെ വെള്ളവും ഗാർഡനിംഗിന് റീസെെക്കിൾ ചെയ്യുന്ന വെള്ളവുമാണ് ഉപയോഗിക്കുന്നത്. വെള്ളത്തിന്റെ കുറവ് വന്നാൽ വാട്ടർ അതോറിട്ടിയുമായി ബന്ധപ്പെട്ട് നേരിട്ട് വെള്ളം കൊണ്ട് വരും. വെയിലിൽ നിന്നു മൃഗങ്ങളെ രക്ഷിക്കാൻ പരമാവധി സൗകര്യങ്ങൾ ഒരുക്കും.'
ടി.വി. അനിൽകുമാർ
മൃഗശാല സൂപ്രണ്ട്