തിരുവനന്തപുരം: അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടർവിദ്യാഭ്യാസം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷൻ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'അക്ഷരശ്രീ' പദ്ധതിയിൽ അവസാനഘട്ട അദ്ധ്യപക പരിശീലനവും പൂർത്തിയാക്കി. സാക്ഷരത മുതൽ ഹയർസെക്കൻഡറി തുല്യതവരെയുള്ള വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 8500 പഠിതാക്കൾ നഗരത്തിലെ 100 വാർഡുകളിലായി ക്രമീകരിച്ചിരിക്കുന്ന 500 പഠനകേന്ദ്രങ്ങളിൽ 15നാണ് ക്ലാസുകൾ ആരംഭിക്കുന്നത്. സാക്ഷരതയ്ക്ക് 100, വിവിധ തുല്യതാകോഴ്സുകൾക്കുള്ള നാലാംതരം 200, ഏഴാംതരം 300, പത്താംതരം 180, ഹയർ സെക്കൻഡറി 120 എന്നിങ്ങനെ അദ്ധ്യാപകരുടെ പരിശീലനം പൂർത്തിയാക്കി. പരിശീലന പരിപാടി സാക്ഷരതാമിഷൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.എം. മനോജ് ഉദ്ഘാടനം ചെയ്തു.
ഓരോ വാർഡിലും പ്രത്യേകമായി സജ്ജീകരിച്ച അക്ഷരശ്രീ പഠനകേന്ദ്രങ്ങളിലാണ് സാക്ഷരത, നാല്, ഏഴ് തുല്യതാ ക്ലാസുകൾ നടത്തുന്നത്. സർക്കാർ സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബുകൾ, നഗരസഭ സ്ഥാപനങ്ങൾ, മറ്റു പൊതുസ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകൾ പൊതു വിദ്യാലയങ്ങളിൽ നടത്തും. 2019 ജൂൺ 23ന് മികവുത്സവം എന്ന പേരിൽ സാക്ഷരതാ പരീക്ഷ നടത്തും. നാലാംതരം തുല്യതാ പരീക്ഷ സെപ്തംബർ 29നും ഏഴാംതരം തുല്യതാ പരീക്ഷ നവംബർ 24 നും നടത്തും. ഡിസംബർ 10ന് സാക്ഷരത മുതൽ ഏഴാംതരം വരെയുള്ള കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണവും പഠിതാക്കളുടെ സംഗമവും നടക്കും. പത്താംതരം, ഹയർസെക്കൻഡറി തുല്യതാ പരീക്ഷകൾ നിലവിൽ നടന്നുവരുന്ന കോഴ്സുകളുടെ ഭാഗമായി നടക്കും. ഇൻസ്ട്രക്ടർമാർക്കുള്ള പരിശീലന പരിപാടിയിൽ വിദ്യാഭ്യാസ പ്രവർത്തകൻ കെ.കെ. കൃഷ്ണകുമാർ, സാക്ഷരതാമിഷൻ അസി.ഡയറക്ടർ കെ.അയ്യപ്പൻനായർ തുടങ്ങിയവർ പങ്കെടുത്തു.