ചാലക്കുടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ ഇന്നസെന്റ് ഇന്നുമുതൽ പ്രചരണത്തിലാണ്. ഇത്തവണ പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. തികഞ്ഞ വിജയ പ്രതീക്ഷ ഉണ്ടെന്നും മുന്നിൽ 43ദിവസമുണ്ടെന്നും ഇന്നസെന്റ് സിറ്റി കൗമുദിയോട് പറഞ്ഞു.
സിനിമാ അഭിനയത്തിന് താത്കാലിക ബ്രേക്കിട്ടാണ് ഇന്നസെന്റ് പ്രചരണത്തിന് ഇറങ്ങുന്നത്. ഇതിന്റെ ഭാഗമായി ജോഷിയുടെ പൊറിഞ്ചു മറിയം ജോസഫിൽ ഇന്നസെന്റിനു പകരം വിജയരാഘവൻ അഭിനയിച്ചു തുടങ്ങി. പതിനഞ്ച് ദിവസത്തെ ഡേറ്റാണ് ഇന്നസെന്റ് ജോഷി സിനിമയ്ക്ക് നൽകിയിരുന്നത്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നസെന്റ് തന്റെ ബുദ്ധിമുട്ട് നിർമ്മാതാവിനെ അറിയിച്ചു. നവാഗതനായ വിജേഷ് നമ്പ്യാർ സംവിധാനം ചെയ്യുന്ന മുന്തിരിമൊഞ്ചനിലാണ് ഇന്നസെന്റ് ഒടുവിൽ അഭിനയിച്ചത്. ഈ സിനിമയുടെ ക്ളൈമാക്സ് രംഗം കഴിഞ്ഞ ദിവസം കൊച്ചിയിൽ ചിത്രീകരിച്ചിരുന്നു. ക്ളൈമാക്സ് രംഗത്ത് മാത്രമാണ് ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.