എസ്.എസ്.എൽ.സി പരീക്ഷ തൊട്ടുമുന്നിലെത്തി. നല്ലതുപോലെ പരീക്ഷ എഴുതാൻ ശരീരത്തിനും മനസിനും ആരോഗ്യമുണ്ടായിരിക്കണം. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസുണ്ടാകൂ. ആരോഗ്യമുള്ള മനസുണ്ടാകാൻ ഭക്ഷണവും ശീലവും നന്നായിരിക്കണം. ലോകാരോഗ്യസംഘടന ആരോഗ്യത്തെ നിർവചിച്ചിരിക്കുന്നത് , 'ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ സുസ്ഥിതിയെന്നാണ്. അതല്ലാതെ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല." നന്നായി എഴുതുക. എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ!
പരീക്ഷ നേരിടാൻ ചില കരുതലുകൾ
ജീവജാലങ്ങളിൽ ഏറ്റവും കൂടുതൽ വികാസം സംഭവിക്കുന്നത് ബ്രാഹ്മ മുഹൂർത്തത്തിലാണ്. ബ്രാഹ്മ മുഹൂർത്തമെന്നാൽ അറിവ് സമ്പാദിക്കുന്നതിനുള്ള സമയം എന്നാണ് അർത്ഥം. സൂര്യോദയത്തിന് ഒന്നര മണിക്കൂർ മുമ്പെങ്കിലും ഉണരണം. ബുദ്ധി വികസിക്കാൻ ആ സമയത്ത് പഠിക്കണം.
അർദ്ധരാത്രിയിലുംഉറക്കമൊഴിഞ്ഞും പഠിക്കുന്നത് ശാരീരിക മാനസിക ആരോഗ്യത്തെ നശിപ്പിക്കുകയേ ഉള്ളൂ.
ബുദ്ധിക്കും മനസിനുംഏറ്റവും തെളിവുള്ളതും കുറഞ്ഞ സമയം കൊണ്ട് തന്നെ കൂടുതൽ പഠിക്കാൻ കഴിയുന്നതും ശ്രദ്ധ കൂടുതൽ ചെലുത്താൻ സാധിക്കുന്ന അന്തരീക്ഷമുള്ളതും പഠിച്ചത് ദീർഘനാൾ ഓർമ്മിച്ചിരിക്കുന്നതും ബ്രാഹ്മ മുഹൂർത്തത്തിന്റെ പ്രത്യേകതകളാണ്.
ആവശ്യത്തിന് ഉറക്കം കിട്ടുന്ന രീതിയിൽ തലേദിവസം കിടന്നുറങ്ങുന്നതിനും (രാത്രി 10 മണിക്കെങ്കിലും) വയർ നിറച്ച് ഭക്ഷണം കഴിക്കാതിരിക്കുന്നതിനും എളുപ്പം ദഹിക്കുന്നവ മാത്രം കഴിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. (കഞ്ഞിയും പയറും, ആവിയിൽ ഉണ്ടാക്കുന്ന പുട്ട്, ഇടിയപ്പം, ഉഴുന്ന് കുറച്ചോ ഒഴിവാക്കിയോ ഉള്ള ഇഡ്ഡലി, ദോശ എന്നിവ എളുപ്പം ദഹിക്കും.)
രാത്രി ഭക്ഷണം ഒഴിവാക്കേണ്ടതില്ല.അളവ് കുറയ്ക്കുന്നത് നല്ലതാണ്. എന്നാൽ കിടക്കുന്നതിന് ഒന്നര മണിക്കൂറെങ്കിലും മുമ്പ് രാത്രി ഭക്ഷണം കഴിച്ചിരിക്കണം. ഉണർന്നെഴുന്നേൽക്കുമ്പോൾ തലേ ദിവസം രാത്രിയിൽ കഴിച്ചത് ദഹിച്ചോ, ആവശ്യത്തിനുറങ്ങിയോ എന്നൊക്കെ വിലയിരുത്തേണ്ടതാണ്.
എങ്ങനെ പഠിക്കണം
പ്രാഥമിക ശൗച കർമ്മങ്ങൾക്കു ശേഷം (തണുപ്പുള്ളപ്പോൾ ചെറുചൂടുവെള്ളം ഉപയോഗിക്കാം) പഠിക്കാനിരിക്കണം. പുസ്തകങ്ങൾ വൃത്തിയോടെയും ആവശ്യമായവ പ്രത്യേകം ഒരു സെറ്റായും അടുക്കിവച്ചാൽ പുസ്തകം തിരഞ്ഞുനടന്ന് സമയം കളയുന്നത് ഒഴിവാക്കാം. കിടന്നുവായിച്ചാൽ ആലസ്യം കൂടും. വീണ്ടും ഉറക്കം വരും. ഫാനിന്റെ കാറ്റടിക്കുന്നതു കാരണം കണ്ണിന് വരൾച്ചയും സ്ട്രെയിനും കൂടും.
പുസ്തകം 25 സെ.മീ. അകലെ പിടിച്ച് വായിക്കണം. വായിക്കുമ്പോൾ കണ്ണിന്റെ മേൽപ്പോള അടഞ്ഞിരിക്കുംവിധം കണ്ണിനു താഴെ പുസ്തകം പിടിക്കണം. പ്രകാശത്തിന് ബൾബ് നല്ലതല്ല. ട്യൂബ് ഉപയോഗിക്കുക.
പുസ്തകത്തിനു മുകളിൽ മുഖം നോക്കുന്ന കണ്ണാടിവച്ചാൽ മുറിയിലെ ട്യൂബിന്റെ പ്രതിബിംബം കണ്ണാടിയിൽ പ്രതിഫലിക്കത്തക്കവിധം വായിക്കുന്ന ആളിന്റെ പിറകിലായിരിക്കണം ട്യൂബ് വരേണ്ടത്. അധികം തണുപ്പോ ഫാനിന്റെ കാറ്റോ അടിക്കാതെ ശ്രദ്ധിക്കണം. അലർജിയുള്ളവർ പ്രത്യേകിച്ചും.
തുടർച്ചയായി തുമ്മലുള്ളവർ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങരുത്. അലർജിയുണ്ടാക്കുന്ന കമ്പിളി, മഫ്ളർ, പൊടി, പുക തുടങ്ങിയവയും കൊഞ്ച്, ഞണ്ട്, കാഷ്യൂനട്ട്, മുട്ട, അയല, ചൂര എന്നിവയും ഒഴിവാക്കണം.
ജലദോഷത്തിനോ,അലർജിക്കോ വേദനയ്ക്കോ കഴിക്കുന്ന മരുന്നുകൾ മയക്കത്തെ ഉണ്ടാക്കുന്നവയല്ലെന്ന് ഉറപ്പ് വരുത്തണം. ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെ പല അലർജി മരുന്നുകളും വേദന സംഹാരികളും മയക്കത്തെ ഉണ്ടാക്കുന്നവയാണ്. ഇത്തരം സന്ദർഭങ്ങളിൽ വളരെ സുരക്ഷിതമായി ആയുർവേദ മരുന്നുകൾ ഉപയോഗിക്കുക.
ആന്റിബയോട്ടിക്കുകളുംവേദന സംഹാരികളും വയറിനെ കുഴപ്പത്തിലാക്കാം. സൈനസൈറ്റിസ് പരീക്ഷാകാലത്തെ വില്ലനാണ്. വീര്യം കുറഞ്ഞ മരുന്നുകൾ മാത്രമുപയോഗിച്ച് ഇവയെ നേരിടണം.
വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
പുസ്തകം കണ്ണിൽ നിന്ന് 25 സെ.മീ അകലെ പിടിക്കുക
മുകളിലെ കൺപോള പകുതി അടച്ച് താഴേക്ക് നോക്കി വായിക്കാവുന്ന വിധത്തിൽ പുസ്തകം പിടിക്കുക
അക്ഷരങ്ങൾക്കും വാക്കുകൾക്കുമൊപ്പം തല ചലിപ്പിച്ച്, വായിച്ചു കഴിഞ്ഞ അക്ഷരങ്ങളോ വാക്കുകളോ പിന്നെയും കാണാൻ ശ്രമിക്കാത്ത വിധത്തിൽ, ആയാസരഹിതമായി വായിക്കുക
വ്യക്തമായ പ്രിന്റ്, അക്ഷരങ്ങളുടെ വലിപ്പം, ലാമിനേറ്റഡ് പേജുകളിലെ ഗ്ളെയർ ഇവ അനുകൂലമായ പുസ്തകങ്ങൾ മാത്രം വായിക്കുക
തീരെകുറഞ്ഞതും വളരെ കൂടിയതുമായ പ്രകാശം പാടില്ല
വായിക്കുന്ന ആളിന്റെ പിറകിൽ ഘടിപ്പിച്ച ട്യൂബ് ലൈറ്റിന്റെ പ്രതിബിംബം പുസ്തകത്തിനു മേൽ ഒരു മുഖം നോക്കുന്ന കണ്ണാടി വച്ചാൽ അതിൽ കാണാത്ത വിധം പുസ്തകം പിടിക്കുക
ടി.വി അധികമായി കാണരുത്. വളരെ വേഗത്തിലുള്ള സീനുകളും മിന്നി മറയുന്ന പ്രകാശവും കണ്ണിന് വളരെ ആയാസമുണ്ടാക്കും. ഇന്റർവ്യൂ, ചർച്ച എന്നിവ കാണുന്നതിനെക്കാൾ പ്രയാസമുണ്ടാക്കുന്നതാണ് ഡാൻസ് പ്രോഗ്രാം എന്നു സാരം
കണ്ണട ഉപയോഗിക്കേണ്ടവർ ഇടയ്ക്കിടെ അത് ഒഴിവാക്കുന്നത് നല്ലതല്ല
കുറച്ച്നേരം വായിച്ചശേഷം അല്പനേരം കണ്ണടച്ച് ഇരിക്കുന്നതും വായിൽ വെള്ളം നിറച്ചശേഷം കണ്ണ് കഴുകുന്നതും നല്ലത്
തലയിൽ തേയ്ക്കുന്ന എണ്ണ ഉള്ളം കാലിൽ കൂടി പുരട്ടിയാൽ കാഴ്ച ശക്തി വർദ്ധിക്കും
ഭക്ഷണം പരീക്ഷിക്കരുത്
ഭക്ഷണത്തോടൊപ്പമോ അല്ലാതെയോ അമിതമായി വെള്ളം കുടിച്ചാൽ ദഹനത്തിന് തടസവും വയറിളക്കവും ഉണ്ടാകാം. പരിചയമില്ലാത്ത ഭക്ഷണങ്ങൾ പരീക്ഷ ക്കാലത്ത് ഒഴിവാക്കണം. എണ്ണയിൽ വറുത്തവയും നിറമുള്ളവയും, എരിവും പുളിവും മസാലയും കൂടിയവയും തണുത്തതും പരമാവധി കുറയ്ക്കണം.
പുറത്തുനിന്നുള്ളഭക്ഷണവും തണുപ്പിച്ച പാനീയങ്ങളും ഒഴിവാക്കുക തന്നെ വേണം.
മൈദയും,പുളിപ്പിച്ചുണ്ടാക്കുന്നവയും മാംസവർഗങ്ങളും, മുട്ടയും പ്രിസർവേറ്റിവുകൾ അടങ്ങിയവയും ഒഴിവാക്കി വീട്ടിലെ ഭക്ഷണം മതിയെന്നു വയ്ക്കണം. ഭക്ഷ്യവിഷബാധ എൽക്കാതിരിക്കാൻ ഇത് ഉപകരിക്കും.
പഠിച്ചുകൊണ്ടിരിക്കവേഎന്തെങ്കിലുമൊക്കെ കൊറിച്ചുകൊണ്ടിരിക്കുന്ന ശീലവും നല്ലതല്ല. പഠിക്കാനുള്ളതിനാൽ വ്യായാമം കുറയ്ക്കുകയും ഇടയ്ക്കിടെ ഭക്ഷണം കഴിക്കുകയും ചെയ്ത് അമിതവണ്ണത്തെ ക്ഷണിച്ചുവരുത്തരുത്.
ടിവിക്ക്അവധി നൽകാം
പരീക്ഷക്കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് തലവേദന.കുട്ടികളുടെ തലവേദനയ്ക്ക്പ്രധാന കാരണം കാഴ്ചക്കുറവായിരിക്കും. ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കമിളപ്പ്, കിടന്നുള്ള വായന, അമിതമായ ടിവി കാണൽ, ടെൻഷൻ എന്നിവയും കാരണമാകാറുണ്ട്.
ശരിയായി നിവർന്നിരുന്ന് വായിക്കാനും എഴുതാനും ശീലിക്കുക
ടി.വി ഏറെനേരം കാണുന്നതും വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ വായിക്കുന്നതും നല്ലതല്ല
ആഹാരം കഴിച്ച ഉടനെ ഓടിക്കളിക്കാൻ പാടില്ല.
ആഹാരത്തോടൊപ്പം തണുപ്പിച്ച വെള്ളം കുടിച്ചാൽ ദഹനം കുറയും
വേണം വ്യായാമം, വിശ്രമം
അല്പമായവ്യായാമവും യോഗയും ധ്യാനവും പ്രാർത്ഥനകളും മനസിന്റെ ഏകാഗ്രത വർദ്ധിപ്പിക്കും, രക്തചംക്രമണം വർദ്ധിപ്പിച്ച് നവോന്മേഷം പകരും.
ഓടുകയും ചാടുകയും ചെയ്ത് അപകടമുണ്ടാക്കി വയ്ക്കാൻ പറ്റിയ സമയമല്ലെന്നോർക്കുക.
കൂടുതൽ പഠിക്കുകയും എഴുതുകയും ചെയ്യുന്നതു കാരണമുണ്ടാകുന്ന തോൾ വേദന, കൈവേദന, നടുവേദന എന്നിവയ്ക്ക് മരുന്നുകൾ പലപ്പോഴും കഴിക്കേണ്ടിവരില്ല. പുറമേ പുരട്ടുന്നവ മാത്രം മതിയാകും. തലവേദന കുറയ്ക്കാൻ അരമണിക്കൂറിൽ ഒരിക്കൽ കൈത്തലംകൊണ്ട് കണ്ണുകൾ പൊത്തി ഒരുമിനിട്ട് വിശ്രമം നൽകുക. കണ്ണുകൾ ഇടയ്ക്ക് കഴുകുക. വായിൽ വെള്ളം നിറച്ച് തുപ്പുക, മുഖം കഴുകുക എന്നിവയുമാകാം.
കാഴ്ചയ്ക്കുപ്രശ്നമുള്ളവർ പരീക്ഷയ്ക്കുമുമ്പ് തന്നെ പരിശോധന നടത്തി ശരിയായ കണ്ണട വയ്ക്കുക. വിശപ്പിനനുസരിച്ച് ഭക്ഷണം കഴിക്കുക.
ആരോഗ്യം അതിപ്രധാനം
ദഹനസംബന്ധമായഅസുഖങ്ങൾ വരാതെ ശ്രദ്ധിക്കുക.
ജലദോഷം, പനി, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയവയ്ക്ക് തുടക്കത്തിൽതന്നെ മരുന്ന് കഴിക്കണം.
പരീക്ഷ സമയത്ത് എണ്ണ പുതുതായി തേച്ച് പരീക്ഷിക്കരുത്.
അധികമായി വെയിലും തണുപ്പും ഏൽക്കരുത്.
വിശന്നിരുന്നോ വയറുവീർക്കെ ആഹാരം കഴിച്ചോ പഠിക്കാൻ ശ്രമിക്കരുത്.
ജലദോഷം, ചെങ്കണ്ണ്, മഞ്ഞപ്പിത്തം, ചിക്കൻപോക്സ് തുടങ്ങി പകരുന്ന രോഗമുള്ളവരുമായി അകന്നുനിൽക്കണം.
പഠനം പാൽപ്പായസം
പഠനം പാൽപ്പായസമാണെന്നു പറയാമോ. ഇല്ലെങ്കിലും അത് കാഞ്ഞിരം കൊണ്ടു കഷായം വച്ചതിനെക്കാൾ വലിയ കയ്പ്പാണെന്നു പറയരുത്. കടിച്ചാൽ പൊട്ടാത്ത എന്തൊക്കെയോ കാര്യങ്ങൾ വെട്ടി വിഴുങ്ങാൻ വിധിക്കപ്പെട്ടവർ എന്നു കരുതരുത്. പഠനം കഠിനമെന്നോ? അല്ല.
പഠനം കഠിനമെന്നോ, മൃദുവെന്നോ, രസകരമെന്നോ, പാൽപ്പായസമെന്നോ ഒക്കെ തീരുമാനിക്കുന്നത് പഠനത്തെ സമീപിക്കുന്ന കുട്ടികളുടെ മനോഭാവമാണ്.
പണ്ടൊരു കഥയുണ്ട്. പഞ്ചതന്ത്രത്തിലേതാണ്. ആടിനെ പട്ടിയാക്കിയ കഥ.
ഒരു ബ്രാഹ്മണൻ യാഗം നടത്തുന്നതിനായി ആടിനെ തോളിലേറ്റി നടന്നു പോകമ്പോൾ, വഴിയരികിൽ നിന്നിരുന്ന കള്ളന്മാർ ആടിനെ നോക്കി അയ്യോ..... പട്ടിയല്ലേ ഇത് എന്നു ചോദിച്ചു.
ആദ്യം സംശയമില്ലാതിരുന്ന ബ്രാഹ്മണന് പിന്നെയും കണ്ടവരെല്ലാം ആടിനെ നോക്കി 'പട്ടി " എന്നു പറഞ്ഞപ്പോൾ കറേശ്ശേ സംശയമായി. ഒടുവിൽ ആടിനെ പട്ടിയെന്നു തന്നെ കണക്കാക്കി അതിനെ ബ്രാഹ്മണൻ ഉപേക്ഷിച്ചു. ഉപേക്ഷിച്ച ആടിനെ കള്ളന്മാർ സ്വന്തമാക്കുകയും ചെയ്തു. അതുപോലെ, മനോഭാവമാണ് പ്രധാനം.
സമയം ക്രമീകരിച്ച് പരീക്ഷ എഴുതണം
പരീക്ഷയുടെ തലേദിവസം വരെ തലകുത്തനെ നിന്നു പഠിച്ചവരാണ്. സിലബസിലുളള എല്ലാം പച്ചവെള്ളം പോലെ പഠിച്ചുതീർത്തവരാണ്. അങ്ങനെ സന്തോഷത്തോടെ പരീക്ഷാഹാളിലെത്തി. ചോദ്യക്കടലാസ് കിട്ടിയപ്പോൾ ഒന്നോടിച്ചു നോക്കി. ഹയ്യട. എല്ലാം പഠിച്ചവ തന്നെ. പിന്നെയൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ്. ഉത്തരമെഴുത്തിന്റെ യുദ്ധപ്പുറപ്പാട്. യുദ്ധം നന്നായി ചെയ്തുവെന്നു തോന്നുന്നു. പക്ഷേ സമയം കടന്നപോയതു ശ്രദ്ധിക്കാതെയാണ് ഉത്തരമെഴുത്തിന്റെ യുദ്ധം നടത്തിയത്. പരീക്ഷസമയം തീരാൻ ഏതാനും മിനിട്ടുകൾ ബാക്കിയാകമ്പോൾ ഉത്തരമെഴുതാത്ത ചോദ്യങ്ങൾ ശത്രുവിനെ കണക്കെ പല്ലിളിച്ചു കാട്ടുന്നു. നിനക്കെന്നെ തൊടാൻ പറ്റില്ലല്ലോ എന്ന മട്ടിൽ. ശരിയാണ് സമയക്കുറവുകൊണ്ട് ആ ചോദ്യങ്ങളെ തൊടാതെ പരീക്ഷ എഴുതി പൂർത്തിയാക്കേണ്ടിവരുന്ന വിഷമാവസ്ഥ പരിഹരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ.
പരീക്ഷയിൽ ഏറ്റവും മികച്ച മാർക്ക് ലഭിക്കുന്നതിന് 'സമയം" ഒരു വലിയ ഘടകമാണ്. ഒരു ചോദ്യത്തിന് ഉത്തരമെഴുതാൻ എത്ര സമയം വിനിയോഗിക്കേണ്ടിവരും എന്ന് വ്യക്തമായ ധാരണ പരീക്ഷക്കു മുമ്പ് പരീക്ഷാർത്ഥി മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.
പരീക്ഷയ്ക്ക് മുമ്പ് ഓർക്കാൻ 10 കാര്യങ്ങൾ
1. പരീക്ഷാഹാളിൽ ആത്മവിശ്വാസത്തോടെ പ്രവേശിക്കുക.
2. നന്നായി അറിയാവുന്നത് ആദ്യം എഴുതി തുടങ്ങുക.
3. ഒരു ചോദ്യം പോലും വിട്ടുകളയരുത്.
4. പരീക്ഷാഹാളിൽ ചെയ്യേണ്ടത് റിഹേഴ്സൽ എടുത്തു പഠിക്കണം.
5. പരീക്ഷയ്ക്കു തൊട്ടുമുമ്പുള്ള പഠനം സിലബസ് കേന്ദ്രീകരിച്ചു മാത്രം നടത്തുക.
6. പുസ്തകത്തിൽ അടയാളപ്പെടുത്തിയതു വീണ്ടും വീണ്ടും വായിച്ച് പഠിക്കുക. എല്ലാം ഓടിച്ചു വായിക്കാതിരിക്കുക.
7. പഠിക്കുന്നത് പൂർണ്ണമായും പഠിക്കുക.
8. പരീക്ഷാഹാളിൽ ചോദ്യം ഉത്തരം ഇവ മാത്രം ചിന്തിക്കുക.
9. പരീക്ഷാഹാളിലെ അധ്യാപകന്റെ നിർദ്ദേശങ്ങൾ പാലിക്കുക.
10.പരീക്ഷാഹാളിൽ സമയം ശ്രദ്ധിക്കുവാൻ ഓർക്കുക.
മറവിയെ മറികടക്കാം
ഓർമ്മശക്തി മെച്ചമാകണമെന്ന് ശക്തമായി ധൈര്യപൂർവം
ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.
ഓർമ്മശക്തിയിൽ താൻ പിന്നിലല്ല എന്ന് ഉറച്ചു വിശ്വസിക്കുക.
പാഠപുസ്തകത്തിൽ നിന്ന് പഠിച്ചത് സ്വന്തം വാക്കുകളിൽ ഓർത്തെടുക്കുക, പറഞ്ഞുനോക്കുക, പ്രധാന ആശയങ്ങൾ എഴുതാൻ ശ്രമിക്കുക.
പഠിച്ച പാഠത്തിൽ നിന്നുള്ള ഏറ്റവും പ്രധാന കാര്യങ്ങൾ മനസ്സിൽ ഉറപ്പിക്കുക.
ഇടയ്ക്കിടയ്ക്ക് പഴയ പാഠങ്ങൾ നോക്കി ഓർമ്മ പരിശോധിക്കുക.
പഠിച്ച പാഠഭാഗങ്ങൾ പ്രയോജനപ്പെടുത്താൻ ലഭിക്കുന്ന അവസരങ്ങൾ നന്നായി ഉപയോഗിക്കുക. ഉദാ. ടെസ്റ്റ് പേപ്പറുകൾ, ചെറിയ പരീക്ഷകൾ, റിവിഷൻ, ക്ലാസ്സിലെ ചോദ്യോത്തരവേദി തുടങ്ങിയ അവസരങ്ങൾ പ്രയോജനപ്പെടുത്തി ഓർമ്മ പരിശോധിക്കുക.
ഓർമ്മക്കുറവിന് പ്രധാന കാരണം ബുദ്ധിയില്ലായ്മയോ
പോഷകാഹാരക്കുറവോ മാത്രമാണെന്നു വിചാരിക്കരുത്.
വേണ്ടതുപോലെ വസ്തുതകൾ സ്വീകരിക്കാതിരിക്കുക/
മനസ്സിലാക്കാതിരിക്കുക എന്നിവ നല്ലതല്ല.
സ്വീകരിച്ച കാര്യങ്ങൾ പാകപ്പെടുത്തി ഒാർമ്മയിൽ സൂക്ഷിക്കുക.