കോട്ടയം: അതിരൂക്ഷമായ തർക്കത്തിനൊടുവിൽ എല്ലാ മണ്ഡലത്തിലേക്കും മൂന്നു പേരുകൾ വീതം കേന്ദ്ര നേതൃത്വത്തിന് നൽകി ബി.ജെ.പി കോർ കമ്മിറ്റി യോഗം പിരിഞ്ഞു. കെ.സുരേന്ദ്രന് സേഫ് സീറ്റ് നൽകുന്നതിനെച്ചൊല്ലിയാണ് പ്രധാനമായും തർക്കമുയർന്നത്. പത്തനംതിട്ടയോ, തൃശൂരോ തന്നെ കെ.സുരേന്ദ്രന് നൽകണമെന്നാണ് മുരളീധര പക്ഷത്തിന്റെ ആവശ്യം. എന്നാൽ, പത്തനംതിട്ടയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ പേരാണ് പരിഗണിക്കുന്നത്. ഇതാണ് എതിർപ്പിന് ഇടയാക്കിയത്. പത്തനംതിട്ടയോ, തൃശൂരോ ഇല്ലെങ്കിൽ താൻ മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രൻ നിലപാടെടുത്തു.
പത്തനംതിട്ട വിട്ടു നൽകില്ലെന്ന് ശ്രീധരൻപിള്ള പക്ഷവും വാദിച്ചു. തൃശൂർ സീറ്റിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന നിർദ്ദേശമാണ് കേന്ദ്ര നേതൃത്വം മുന്നോട്ടു വച്ചത്. ഈ സാഹചര്യത്തിൽ തൃശൂർ സീറ്റും സുരേന്ദ്രന് ലഭിക്കില്ലെന്നായിരുന്നു പ്രചാരണം. ഒടുവിൽ പത്തനംതിട്ട സീറ്റിൽ സുരേന്ദ്രന്റെ പേരുമായി പട്ടിക തയ്യാറാക്കി. പാലക്കാട് ശോഭാ സുരേന്ദ്രന്റെ പേരിനായിരുന്നു പ്രഥമ പരിഗണന. എന്നാൽ സി.കൃഷ്ണകുമാറിന്റെ പേര് മുരളീധര വിഭാഗം മുന്നോട്ടു വച്ചു. ഈ സാഹചര്യത്തിലാണ് എല്ലാ സീറ്റിലും മുന്നു പേരു വീതം തയ്യാറാക്കി ഡൽഹിയിലേയ്ക്ക് അയച്ചത്.