കോട്ടയം: കോട്ടയം മണ്ഡലത്തിൽ പി.ജെ.ജോസഫിനെ പരിഗണിക്കാത്തതുമായി ബന്ധപ്പെട്ട കേരള കോൺഗ്രസിലെ തർക്കങ്ങൾ തിരിച്ചടിയാകുമോ എന്ന് യു.ഡി.എഫിൽ ആശങ്ക.കേരള കോൺഗ്രസിലെ തർക്കങ്ങൾ ഗൗരവത്തോടെ കാണുന്നുവെന്ന് പറഞ്ഞ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ ഇങ്ങനെ മുന്നോട്ട് പോകാൻ ആകില്ലെന്നും കൂട്ടിച്ചേർത്തു. തർക്കത്തിൽ യു.ഡി.എഫ് ഉടൻ തന്നെ ഇടപെടും. കോട്ടയം സീറ്റിൽ പാളിച്ച പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേരള കോൺഗ്രസിലെ തർക്കങ്ങൾ ഉടൻ തന്നെ തീരുമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കേരളത്തിൽ എത്തിയാൽ ഉടൻ തന്നെ വിഷയത്തിൽ ഇടപെടും. എം.എൽ.എ ആയതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേരള കോൺഗ്രസിലെ തർക്കം കൂടുതൽ രൂക്ഷമാവുകയാണ്. ജോസഫിന് സീറ്റ് നിഷേധിച്ചത് സി.പി.എമ്മിനെ സഹായിക്കാനാണെന്ന് ആരോപിച്ച് കേരള കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.എം.ജോർജ് രാജിവച്ചു. രണ്ട് പ്രാവശ്യം തിരഞ്ഞെടുപ്പിൽ തോറ്റയാളെ തന്നെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നിൽ സി.പി.എമ്മിനെ സഹായിക്കുക എന്ന ലക്ഷ്യം മാത്രമാണ്. കെ.എം. മാണിയുടെ പേരിലുള്ള അഴിമതി കേസും മകൻ ജോസ് കെ. മാണിയുടെ പേരിലുള്ള സരിത കേസും ഒതുക്കി തീർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പി.എം. ജോർജ് ആരോപിച്ചു. ഭാവി കാര്യങ്ങൾ പ്രഖ്യാപിക്കാനായി ജോസഫ് ഉടൻ തന്നെ മാദ്ധ്യമങ്ങളെ കാണുമെന്നും വിവരമുണ്ട്.
എന്നാൽ പാർട്ടി അണികളുടെ വികാരം ഉൾക്കൊണ്ടാണ് പി.ജെ ജോസഫിനു പകരം തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയാക്കിയതെന്ന് കേരള കോൺഗ്രസ് എം.ചെയർമാൻ കെ.എം മാണി പ്രതികരിച്ചു. കഴിഞ്ഞ ദിവസം സ്റ്റിയറിംഗ് കമ്മിറ്റിയിൽ പി.ജെ ജോസഫിനെ സ്ഥാനാർത്ഥിയാക്കണമെന്ന രീതിയിൽ ചർച്ചയുണ്ടായിരുന്നു. ഇതേ തുടർന്ന് പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും ഇന്നലെ എന്നെ കാണാൻ പാലായിലെ വീട്ടിലെത്തി. തുടർന്ന് പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ളവരെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദേശം ഉയരുകയായിരുന്നു. ഇത് അംഗീകരിക്കാൻ താൻ നിർബന്ധിതനായതായി കെ.എം മാണി പറഞ്ഞു. സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനെ നിശ്ചയിച്ചിരുന്നതായി പി.ജെ ജോസഫിനെ നേരത്തെ അറിയിച്ചിരുന്നു. ജോസഫ് തീരുമാനം ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാം ഭംഗിയായി അവസാനിച്ചു. ചാഴികാടൻ മികച്ച സ്ഥാനാർത്ഥിയാണ്. അനുസരണയും ബഹുമാനവും ഉള്ള ചാഴികാടൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.