ഗൊരഖ്പൂർ: യൂ ട്യൂബിൽ സ്വമേധയാ പ്രസവിക്കുന്ന വീഡിയോ കണ്ട് പ്രസവം നടത്തിയ യുവതി(26)യും കുഞ്ഞും മരിച്ചു. ബിലാന്ദ്പുരിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. എന്നാൽ ഇന്നലെയാണ് യുവതിയും കുഞ്ഞും മരിച്ച വിവരം പുറത്തറിയുന്നത്.
അയൽവാസിയാണ് മുറിയിൽ നിന്നും രക്തം പുറത്തേക്കൊഴുകുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രസവം നടത്താൻ ഉപയോഗിച്ച ബ്ലേഡ്,കത്രിക,നൂൽ എന്നിവ മുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. എങ്ങനെ സുരക്ഷിതയായി സ്വമേധയാ പ്രസവിക്കാമെന്ന് യുവതി ഫോണിൽ തിരച്ചിൽ നടത്തിയതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. തുടർന്നാണ് യുവതി അവിവാഹിതയാണെന്ന് അറിയുന്നത്. ബഹ്റിച്ച് സ്വദേശിയായ യുവതി നാല് ദിവസം മുമ്പാണ് ബിലാന്ദ്പുരിയ്‌ക്ക് താമസം മാറിയത്. യുവതിയുടെ അമ്മ പ്രസവത്തിനായി ആശുപത്രിയിൽ വരുമെന്ന് യുവതി പറഞ്ഞതായി വീട് ഉടമ പറഞ്ഞു. ശേഷം യുവതിയുടെ ആധാർ കാർഡ് പരിശോധിച്ച ശേഷം ഉടമ മുറി നൽകുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് കെെമാറും.