കോട്ടയം: യുവതിയെ നടുറോഡിൽ പെട്രോൾ ഒഴിച്ചു കത്തിച്ചു. കാമുകനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഓടിച്ചിട്ടു പിടിച്ചു. ഇന്ന് രാവിലെ 9.30ന് തിരുവല്ല നഗരഹൃദയത്തിലാണ് സംഭവം. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കാരണമെന്ന് പറയുന്നു. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു (19) ആണ് പിടിയിലായത്. അയിരൂർ സ്വദേശി കവിതയ്ക്കാണ് (18) പൊള്ളലേറ്റത്. പെൺകുട്ടിയെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 65 ശതമാനം പൊള്ളലേറ്റതായി ഡോക്ടർമാർ വ്യക്തമാക്കി.
തിരുവല്ലയിലെ ഒരു സ്വകാര്യ കോളേജിൽ ബി.എസ് സി വിദ്യാർത്ഥിനിയാണ്. ബസ് ഇറങ്ങിവരുമ്പോൾ ചിലങ്ക തീയേറ്ററിനു സമീപം രണ്ടു കുപ്പികളിലായി പെട്രോളുമായി കാത്തുനിന്ന അജിൻ പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്‌തു. ഇത് കണ്ട് അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും മറ്റും ഓടിയെത്തി തീ കെടുത്തി. ഉടൻ പുഷ്പഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശരീരം ഏതാണ്ട് മുഴുവനായും പെള്ളലേറ്റിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ഓടിരക്ഷപെടാൻ ശ്രമിച്ച അജിനെ നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പിന്നീട് പൊലീസിന് കൈമാറി. വിവാഹാഭ്യർത്ഥനയുമായി പല പ്രാവശ്യം ഇയാൾ പിറകെകൂടിയെങ്കിലും യുവതി സമ്മതിച്ചില്ല. ഇതേ തുടർന്ന് കഴിഞ്ഞദിവസം അജിൻ യുവതിയുടെ വീട്ടിൽ എത്തി. എന്നാൽ വീട്ടുകാർ വിവാഹത്തിന് സമ്മതം മൂളിയില്ല. ഈ വൈരാഗ്യമാണ് കൊടുംക്രൂരതക്ക് ഇടയാക്കിയതെന്ന് പറയുന്നു.