ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിൽ കോൺഗ്രസിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ രംഗത്ത്. "മാണിസാറും മോനും കൂടി പാവം പി.ജെ ജോസഫിനെ ഒതുക്കി. അതിയാന്റെ സീനിയോറിറ്റിയും സൽസ്വഭാവവും പരിഗണിച്ചില്ല. പാർലമെന്റംഗമാകണമെന്ന അഭിലാഷം തൃണവൽഗണിച്ചു എന്നൊക്കെയാണ് കുബുദ്ധികൾ പ്രചരിപ്പിക്കുന്നത്. പക്ഷേ അതൊന്നും സത്യമല്ലെ"ന്നും ജയശങ്കർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തോമസ് ചാഴികാടനാണ് കോട്ടയത്ത് നമ്മുടെ സ്ഥാനാർഥി. ചിഹ്നം രണ്ടില.
മാണിസാറും മോനും കൂടി പാവം പി.ജെ ജോസഫിനെ ഒതുക്കി; അതിയാന്റെ സീനിയോറിറ്റിയും സൽസ്വഭാവവും പരിഗണിച്ചില്ല; പാർലമെന്റംഗമാകണമെന്ന അഭിലാഷം തൃണവൽഗണിച്ചു എന്നൊക്കെയാണ് കുബുദ്ധികൾ പ്രചരിപ്പിക്കുന്നത്. പക്ഷേ അതൊന്നും സത്യമല്ല.
ഔസേപ്പച്ചന്റെ അർഹതയെ പറ്റി ആർക്കും സംശയമില്ല. കത്തോലിക്കനാണ്, കർഷകനാണ്, അതിപുരാതന കേരള കോൺഗ്രസുകാരനാണ്, പാർട്ടിയുടെ വർക്കിംഗ് ചെയർമാനാണ്.
പക്ഷേ, ഔസേപ്പച്ചൻ കോട്ടയംകാരനല്ല. തൊടുപുഴക്കടുത്ത് പുറപ്പുഴയാണ് സ്വദേശം. ഒരു പുറപ്പുഴക്കാരനെ കോട്ടയത്തു സ്ഥാനാർഥിയാക്കുന്നത് അധ്വാനവർഗ സിദ്ധാന്തത്തിന്റെ ലംഘനമാണ്. മാത്രമല്ല, തിരരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടി വരും, തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അത് സർക്കാരിനും പാർട്ടിക്കും അധികച്ചിലവാകും.
മൂന്നാം യു.പി.എ സർക്കാരിൽ ജോസ് കെ മാണി സഹമന്ത്രിയാകുമെന്ന് ജാതകത്തിലുണ്ട്. അതിനു ടാങ്കു വെക്കാൻ ഔസേപ്പച്ചനെയല്ല ഒരുത്തനെയും അനുവദിക്കില്ല..