തിരുവനന്തപുരം: പരസ്യമായി സീറ്റ് നിഷേധിച്ചതിന് ശേഷവും കെ.എം.മാണിക്കൊപ്പം നാണംകെട്ട് തുടരണമോയെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് ആലോചിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. പാർട്ടി വിട്ട് വന്നാൽ എൽ.ഡി.എഫിൽ എടുക്കുന്നത് അപ്പോൾ ആലോചിക്കാം. മഴപെയ്യുന്നതിന് മുമ്പ് കുടപിടിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പി.ജെ.ജോസഫിന് സീറ്റ് നിഷേധിച്ച വിഷയത്തിൽ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ അവരുടെ ആഭ്യന്തര പ്രശ്‌മാണെന്നും ഇക്കാര്യത്തിൽ ഇടപെടാനില്ലെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പി.ജെ.ജോസഫിനെ ഒഴിവാക്കിയെന്നത് കേരള കോൺഗ്രസ് പരിഹരിക്കേണ്ട വിഷയമാണ്. അവരുടെ പാർട്ടിയുടെ ആഭ്യന്തര വിഷയമാണത്. അവരതു കൈകാര്യം ചെയ്യുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. കെ.എം.മാണി, പി.ജെ.ജോസഫ്, ജോസ് കെ.മാണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുമായി ഇന്നലെ സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിലെ മറ്റു നേതാക്കൾ വിഷയത്തെ ഗൗരവത്തിൽ കാണുന്നുവെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി സാഹചര്യമനുസരിച്ച് ഇടപെടുമെന്ന സൂചനയും നൽകി.
എന്നാൽ പ്രശ്‌നങ്ങൾ കേരള കോൺഗ്രസ് തന്നെ പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും ഇക്കാര്യത്തിൽ ഇപ്പോൾ ഇടപെടാനില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഉടൻ തന്നെ പുറത്തുവരും. എല്ലാ വിഭാഗം ആൾക്കാരെയും ഉൾപ്പെടുത്തിയാകും സ്ഥാനാർത്ഥി പട്ടിക തയ്യാറാകുന്നത്. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.