kummanam-rajashekharan

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ശബരിമല വിഷയമാക്കുമെന്ന്​ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. മതസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവുമാണ് ഇതുവഴി ഉന്നയിക്കപ്പെടുന്നത്​​. ശബരിമല ഒരു നിമിത്തം മാത്രമാണ്​. ഇന്ന്​ ശബരിമലയിലാണെങ്കിൽ നാളെ മലയാറ്റൂർ പള്ളിയിലോ ബീമാ പള്ളിയിലോ ഇതുപോലെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം കേരളത്തിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കുമ്മനത്തിന്റെ പ്രതികരണം. ഇതിസംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകുമെന്നും കുമ്മനം അറിയിച്ചു. ആരാധനാ സ്വാതന്ത്ര്യത്തി​ന്റെയും,​ ആചാരത്തി​ന്റെയും,​ വിശ്വാസത്തി​ന്റെയും പ്രശ്​നമാണിത്​. അവ സംരക്ഷിക്കപ്പെടണമെന്ന ജനങ്ങളുടെ വികാരം തിരഞ്ഞെടുപ്പ്​ പ്രചരണത്തിൽ ഉയർത്തി പിടിക്കുമെന്നും വിഷയം ഉന്നയിക്കാതിരിക്കുന്നത്​ ഒളിച്ചോട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ പാടില്ലെന്ന വാദഗതി അടിസ്​ഥാന രഹിതമാണ്​. അത്​ തിരരഞ്ഞെടുപ്പ്​ ചട്ടങ്ങളുടെ തന്നെ ലംഘനമാണ്​. ജനാധിപത്യം നിലനിൽക്കുന്ന ഈ രാജ്യത്ത്​ അഭി​പ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെത്തിയ കുമ്മനത്തിനെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, ശോഭാ സുരേന്ദ്രൻ, മുൻ ഡി.ജി.പി ടി.പി സെൻകുമാർ, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ എന്നിവർ ചേർന്ന് സ്വീകരിച്ചു.