saradhakutty

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സംഘപരിവാറുകാരുടെ പ്രചരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. കൊച്ചു കുഞ്ഞുങ്ങൾ സ്വന്തം മലത്തിൽ തല്ലി രസിക്കുന്നതു പോലെ ഇവരിങ്ങനെ ഒരേ പ്രവൃത്തിയിൽ അഭിരമിക്കുകയാണെന്ന് ശാരദക്കുട്ടി പറഞ്ഞു. ഇവർ ദുർഗന്ധവും വൃത്തികേടും അറിയുന്നില്ലെന്നും ശാരദക്കുട്ടി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സ്ത്രീകളുടെ പ്രാതിനിധ്യം സംബന്ധിച്ച് ദിവസങ്ങൾക്ക് മുമ്പ് ശാരദക്കുട്ടി ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ തനിക്ക് നേരെ ഉയർന്ന കമന്റുകളുടെ പശ്ചാത്തലത്തിലാണ് ശാരദക്കുട്ടിയുടെ ഇപ്പോഴത്തെ പ്രതികരണം. 'പിണറായി വിജയനെ അഭിനന്ദിച്ചാൽ അവാർഡിനു വേണ്ടി. ഇടതു പക്ഷത്തെ പിന്തുണച്ചാൽ സ്ഥാനമാനങ്ങൾക്കു വേണ്ടി. ഇനി ഇടതിന്റെ തന്നെ തിരഞ്ഞെടുപ്പു പാനലിലെ സ്ത്രീ പ്രാതിനിധ്യമില്ലായ്മയെ വിമർശിച്ചാൽ അത് സ്ഥാനാർഥിത്വം കിട്ടാത്തതിലുള്ള നിരാശയും കൊതിക്കെറുവും. പിന്നെ മറ്റു വിഷയങ്ങളിലേക്കായി ഒരേ വാർപ്പു മാതൃകയിലുള്ള അശ്ലീലത്തെറികൾ വേറെയും. ഇതാണ് സംഘപരിവാർ അണികളുടെ കമന്റ് പാറ്റേണെന്ന് ശാരദക്കുട്ടി പറയുന്നു.

പൊതുതാത്പര്യം എന്നത് രാഷ്ട്രീയത്തിൽ ഒരു വലിയ വാക്കാണ്. വലിയ അർത്ഥങ്ങളുള്ള വാക്ക്. അതാദ്യം മനസിലാക്കണം. അതിന്റെ അർഥവ്യാപ്തി മനസിലാക്കണം. എല്ലാറ്റിനേയും വ്യക്തി താത്പര്യങ്ങളെന്നു മാത്രം ചുരുക്കിക്കാണുന്ന അണികൾ ഏതു പാർട്ടിക്കും ശാപമാണ്. കുഴി തോണ്ടി കുളം തോണ്ടി അവർ സ്വയം ഒടുങ്ങുകയേയുള്ളു- ശാരദക്കുട്ടി വ്യക്തമാക്കി. കക്കാടിന്റെ പോത്ത് എന്ന കവിതയുടെ വരികൾ പങ്കുവച്ചാണ് ശാരദക്കുട്ടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പിണറായി വിജയനെ അഭിനന്ദിച്ചാൽ അവാർഡിനു വേണ്ടി. ഇടതു പക്ഷത്തെ പിന്തുണച്ചാൽ സ്ഥാനമാനങ്ങൾക്കു വേണ്ടി. ഇനി ഇടതിന്റെ തന്നെ തിരഞ്ഞെടുപ്പു പാനലിലെ സ്ത്രീ പ്രാതിനിധ്യമില്ലായ്മയെ വിമർശിച്ചാൽ അത് സ്ഥാനാർഥിത്വം കിട്ടാത്തതിലുള്ള നിരാശയും കൊതിക്കെറുവും . പിന്നെ മറ്റു വിഷയങ്ങളിലേക്കായി ഒരേ വാർപ്പു മാതൃകയിലുള്ള അശ്ലീലത്തെറികൾ വേറെയും.

ഇതാണ് സംഘപരിവാർ അണികളുടെ കമന്റ് പാറ്റേൺ. കൊച്ചു കുഞ്ഞുങ്ങൾ സ്വന്തം മലത്തിൽ തല്ലി രസിക്കുന്നതു പോലെ ഇവരിങ്ങനെ ഒരേ പ്രവൃത്തിയിൽ അഭിരമിക്കുകയാണ്. ദുർഗന്ധവും അറിയുന്നില്ല. വൃത്തികേടും അറിയുന്നില്ല.

പൊതുതാത്പര്യം എന്നത് രാഷ്ട്രീയത്തിൽ ഒരു വലിയ വാക്കാണ്. വലിയ അർഥങ്ങളുള്ള വാക്ക്. അതാദ്യം മനസ്സിലാക്കണം. അതിന്റെ അർഥവ്യാപ്തി മനസ്സിലാക്കണം. എല്ലാറ്റിനേയും വ്യക്തി താത്പര്യങ്ങളെന്നു മാത്രം ചുരുക്കിക്കാണുന്ന അണികൾ ഏതു പാർട്ടിക്കും ശാപമാണ്. കുഴി തോണ്ടി കുളം തോണ്ടി അവർ സ്വയം ഒടുങ്ങുകയേയുള്ളു.

കക്കാട് എഴുതിയ പോത്ത് എന്ന കവിതയിലെ അവസാന വരികൾ ഇവിടെ സമർപ്പിക്കുന്നു.

''വട്ടക്കൊമ്പുകളുടെ കീഴെ തുറിച്ച
മന്തൻ കണ്ണാൽ നോക്കി നീ
കണ്ടതും കാണാത്തതുമറിയാതെ
എത്ര തൃപ്തനായിക്കിടക്കുന്നു

നിന്റെ ജീവനിലഴുകിയ
ഭാഗ്യ,മെന്തൊരു ഭാഗ്യം"

എസ്.ശാരദക്കുട്ടി
11.3. 2019