ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ലോകം മുഴുവൻ ഇപ്പോൾ ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കാണ്. വരും വർഷങ്ങളിൽ ലോകഗതി നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന രാജ്യം ആര് ഭരിക്കുമെന്നാണ് എല്ലാവരുടെയും ആകാംക്ഷ. ഭരണത്തുടർച്ച നേടാൻ ബി.ജെ.പിയും നഷ്‌ടപ്പെട്ട പ്രതാപം തിരിച്ച് പിടിക്കാൻ കോൺഗ്രസും പ്രാദേശിക കക്ഷികളും ശ്രമിക്കുന്നതോടെ മത്സരം തീപാറുമെന്ന് ഉറപ്പാണ്. എന്നാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ ജനാധിപത്യ പ്രക്രിയയ്‌ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന കാര്യം എത്രപേർക്കറിയാം. അമേരിക്കൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനേക്കാൾ ചെലവേറിയതാണ് ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഏപ്രിൽ 11ന് തുടങ്ങി മേയ് 19ന് അവസാനിക്കുന്ന തിരഞ്ഞെടുപ്പിന് വേണ്ടി ഏതാണ്ട് 50,000 കോടി രൂപ ചെലവഴിക്കുമെന്നാണ് ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ മീഡിയ സ്‌റ്റഡീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏതാണ്ട് 45,000 കോടി രൂപയാണ് 2016ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വേണ്ടി ചെലവിട്ടതെന്നാണ് കണക്ക്. 2014ലെ തിരഞ്ഞെടുപ്പ് ചെലവിനേക്കാൾ ഏതാണ്ട് 40 ശതമാനത്തോളം ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചെലവുകൾ വർദ്ധിച്ചതായും സെന്റർ ഫോർ മീഡിയ സ്‌റ്റഡീസ് പറയുന്നു. പരസ്യം, സോഷ്യൽ മീഡിയ പ്രചാരണം, യാത്ര എന്നിവയ്‌ക്ക് വേണ്ടിയാണ് കൂടുതലും പണം ചെലവിടുന്നതെന്നാണ് ഇവരുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
സോഷ്യൽ മീഡിയ ചെലവേറും
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പണം ചെലവിടുന്നത് സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിന് ആയിരിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഇതിനുള്ള ചെലവ് ക്രമാതീതമായി വർദ്ധിക്കും. 2014ൽ 250 കോടിയാണ് സോഷ്യൽ മീഡിയ പ്രചാരണത്തിന് വേണ്ടി ചെലവിട്ടതെങ്കിൽ ഇത്തവണ അത് 5000 കോടിയായി വർദ്ധിക്കുമെന്നാണ് കണക്ക്. തിരഞ്ഞെടുപ്പിന്റെ ആകെ ചെലവിന്റെ 10 ശതമാനത്തോളം വരുമിത്. വിവിധ പാർട്ടികളുടെ യാത്രാ ചെലവിനത്തിലും വർദ്ധനവുണ്ടാകുമെന്നും പഠനം പറയുന്നു. ഹെലിക്കോപ്‌ടർ, ബസ് തുടങ്ങിയവ വൻ തോതിൽ ഉപയോഗിക്കുന്നതാണ് യാത്രാ ചെലവുകൾ വർദ്ധിക്കുന്നത്. ഇതിന് പുറമെ തിരഞ്ഞെടുപ്പ് വിപണിയിൽ വിൽക്കാൻ പറ്റിയ നിരവധി വ്യത്യസ്ത ആശയങ്ങളുമായി സ്ഥാനാർത്ഥികൾ രംഗത്തെത്തുന്നതോടെ തിരഞ്ഞെടുപ്പിന്റെ ചെലവ് കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
വോട്ട് ചെയ്‌താൽ ആടിനെ വാങ്ങിത്തരാം
പണ്ട് കാലത്ത് നാട്ടിൻ പുറങ്ങളിൽ കേട്ടിരുന്ന ഒരു കഥയാണിത്. തനിക്ക് വോട്ട് ചെയ്‌താൽ ആടിനെ വാങ്ങിത്തരാമെന്ന് ഒരു സ്ഥാനാർത്ഥി വാഗ്‌ദ്ധാനം ചെയ്‌തുവെന്നാണ് ആരോപണം. രഹസ്യ ബാലറ്റിലൂടെ നടക്കുന്ന തിരഞ്ഞെടുപ്പാണെങ്കിലും വോട്ടർമാരെ ചാക്കിടാൻ സ്ഥാനാർത്ഥികളോ അവരുടെ ശിങ്കിടികളോ ഇത്തരം കൈക്കൂലി വാഗ്‌ദ്ധാനം ചെയ്യാറുണ്ടെന്നത് സത്യമാണ്. വോട്ടർമാർക്ക് പണം, മദ്യം തുടങ്ങിയ സമ്മാനങ്ങൾ കൊടുത്താൽ മാത്രമേ വിജയിക്കൂ എന്ന് വിശ്വാസിക്കുന്നവരാണ് ഭൂരിഭാഗം രാഷ്ട്രീയ നേതാക്കളുമെന്നും വിദഗ്‌ദ്ധർ പറയുന്നു. കർണാടകയിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനിടെ കണക്കിൽ പെടാത്ത ലക്ഷക്കണക്കിന് രൂപയും സ്വർണവും മദ്യവും പിടികൂടിയത് കൈക്കൂലി നൽകുന്നതിന് ഉദാഹരണമാണ്. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടികളും ഇത് അംഗീകരിക്കില്ലെന്നതാണ് സത്യം.
പൊറോട്ടയും ബീഫും വാങ്ങിത്തന്നാലേ പ്രചാരണത്തിന് ഇറങ്ങൂ
കേഡർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ മുഴുവൻ സമയ പ്രവർത്തകരെ മാറ്റിനിറുത്തിയാൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇറങ്ങുന്നവരുടെ മുഴുവൻ ചെലവും സ്ഥാനാർത്ഥി വഹിക്കണമെന്നത് നാട്ടുനടപ്പാണ്. തനിക്ക് വേണ്ടി ആത്മാർത്ഥമായി ജോലി ചെയ്യുന്നവരായതിനാൽ ഇക്കാര്യത്തിൽ സ്ഥാനാർത്ഥികൾ മടികാണിക്കാറില്ല. ഇതിന് പുറമെ പോസ്‌റ്റർ ഒട്ടിക്കുക, ചുമരെഴുതുക, വാഹന പ്രചാരണം, വീടുകയറിയുള്ള പ്രചാരണം തുടങ്ങി സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ ഫലം പുറത്തുവരുന്നത് വരെ എല്ലാം ചെലവേറിയത് തന്നെ.
അപരന്മാർക്കും വേണം കൂലി
എതിർസ്ഥാനാർത്ഥിയുടെ വോട്ട് കുറയ്‌ക്കാൻ വേണ്ടി രംഗത്തിറക്കുന്ന അപരന്മാർക്ക് വേണ്ടിയും നല്ലൊരു തുക ചെലവഴിക്കേണ്ടതുണ്ട്. ജനാധിപത്യ പ്രക്രിയയ്‌ക്ക് നല്ല മാതൃകയല്ലാത്തതിനാൽ അപരന്മാർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ വടിയെടുക്കാറുണ്ടെങ്കിലും ഓരോ തിരഞ്ഞെടുപ്പിലും ഇത്തരക്കാർ കൂടാറാണ് പതിവ്. പല തിരഞ്ഞെടുപ്പുകളിലും ചില സ്ഥാനാർത്ഥികളുടെ വിജയപ്രതീക്ഷകൾ നശിപ്പിക്കുന്നത് അപരന്മാർ പിടിക്കുന്ന വോട്ടുകളായിരിക്കും. ഇത്തരത്തിൽ അപരന്മാർക്ക് വേണ്ടി ചെലവഴിക്കുന്നത് ഏതാണ്ട് 10,000 കോടിയോളം രൂപയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
യഥാർത്ഥ കണക്കുകൾ എവിടെയുമില്ല
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വിനിയോഗിക്കുന്ന തുകയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഈ തുക പര്യാപ്‌തമല്ലെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും രഹസ്യമായി സമ്മതിക്കുന്നുണ്ട്. തങ്ങളുടെ സ്ഥാനാർത്ഥി വിജയിക്കണമെങ്കിൽ കമ്മിഷൻ നിശ്ചയിച്ചതിലും കൂടുതൽ തുക ചെലവാക്കേണ്ടി വരുമെന്നാണ് ഇവരുടെ പക്ഷം. അതുകൊണ്ട് തന്നെ യഥാർത്ഥ കണക്കുകൾ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ഫയൽ ചെയ്യാറുമില്ല. തിരഞ്ഞെടുപ്പ് കണക്കുകൾ സമർപ്പിക്കാത്തതിന്റെ പേരിൽ കമ്മിഷൻ അയോഗ്യത കൽപ്പിച്ച സ്ഥാനാർത്ഥികൾ നിരവധിയാണെന്നതും കൂട്ടിവായിക്കേണ്ടതാണ്.