-surf-excel-ad

ഡിറ്റർജന്റ് കമ്പനിയായ സർഫ് എക്‌സലിന്റെ പുതിയ പരസ്യത്തിനെതിരെ ഹിന്ദുത്വ വാദികൾ പ്രതിഷേധം നടത്തുമ്പോൾ ഒരുഭാഗത്ത് സർഫ് എക്‌സലാണെന്ന് തെറ്റിദ്ധരിച്ച് മൈക്രോസോഫ്റ്റ് എക്‌സലിന്റെ പേജിൽ കമന്റുകളുമായെത്തിയിരിക്കുകയാണ് ഒരു വിഭാഗം. നിരവധി കമന്റുകളാണ് എക്സലിന്റെ പേജിൽ.

‘സർഫ് എക്‌സൽ നിരോധിക്കുക, ഹിന്ദു വിരോധമാണ്. പാകിസ്ഥാനിൽ പോയി ബിസിനസ് നടത്തൂ,’ തുടങ്ങിയ കമന്റുകളാണ് പേജിൽ. ഹിന്ദു ആഘോഷമായ ഹോളിയെ മോശമായി ചിത്രീകരിക്കുകയും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ചാണ് പരസ്യത്തിനെതിരെ ഹിന്ദുത്വ വാദികൾ രംഗത്ത് എത്തിയത്.

സർഫ് എക്സൽ ഡിറ്റർജെന്റ് വീഡിയോ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ #BoycottsurfExcel എന്ന ടാഗോടെ ഹിന്ദുത്വ വാദികൾ രംഗത്ത് വന്നത്. എന്നാൽ,​ പരസ്യത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. അതിൽ ഹിന്ദുത്വ വാദികൾ അവകാശപ്പെടുന്നത് പോലെ ഹോളിയെ മോശമായി ചിത്രീകരിക്കുകയോ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഒരു പെൺകുട്ടിയും ആൺകുട്ടിയും തമ്മിലുള്ള സൗഹൃദമാണ് പരസ്യത്തിൽ ചിത്രീകരിക്കുന്നത്.

ഹോളി ദിവസം ചായങ്ങളുമായി കാത്തിരിക്കുന്ന കൂട്ടുകാർക്കിടയിൽ സെെക്കിൽ പെൺകുട്ടി വരുകയും ചായങ്ങളെല്ലാം പെൺകുട്ടിയുടെ നേർക്ക് കൂട്ടുകാരെല്ലാം കൂടി എറിയുന്നതുമാണ് രംഗം. തുടർന്ന് ചായങ്ങൾ തീ‌ർന്നപ്പോൾ വെള്ള വസ്ത്രം ധരിച്ച മുസ്ലിം സുഹൃത്തിനെ കൂട്ടി വരുകയും സെെക്കിളിൽ പള്ളിയിലെത്തിക്കുകയും ചെയ്യുന്നു. ഞാൻ നിസ്കരിച്ചിട്ട് വരാൻ എന്ന് പറഞ്ഞ് കൂട്ടുകാരൻ പോകുകയും ചെയ്യുന്നതാണ് പരസ്യത്തിൽ ചിത്രീകരിച്ചിട്ടുള്ളത്. ഇതിനെതിരെയാണ് ഹിന്ദിത്വ വാദികൾ രംഗത്ത് എത്തിയിരിക്കുന്നത്. പരസ്യം പിൻവലിച്ചില്ലെങ്കിൽ സർഫ് എക്സൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും അവർ പറയുന്നു.