തിരുവനന്തപുരം : തമിഴ്നാട് തൃശ്നാപ്പള്ളി സ്വദേശിനിയായ ഇരുപത്തിയെട്ടുകാരി വന്ദനയുടെ പാസ്‌പോർട്ട് പരിശോധനയിൽ കസ്റ്റംസ് ഒരു കാര്യം ശ്രദ്ധിച്ചു. ആഴ്ചയിൽ രണ്ട് വട്ടം ഇവർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നുണ്ട് അതും മലേഷ്യയിലേക്ക്. കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ഇവരെ പ്രത്യേകം വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോൾ താൻ വസ്ത്ര വ്യാപാരിയാണെന്നും മലേഷ്യയിലേക്ക് ചരക്കെടുക്കുന്നതിനായി പോകുന്നതാണെന്നും പറയുകയായിരുന്നു. എന്നാൽ പിന്നീട് ഇവർ പറഞ്ഞ കാര്യങ്ങൾ തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് മനസിലായതോടെ വനിതാ ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്‌പ്പോഴാണ് മലേഷ്യയിലേക്ക് തുടർച്ചയായി യാത്ര ചെയ്യുന്നത് സ്വർണം കടത്തികൊണ്ട് വരാനാണെന്ന് മൊഴി നൽകിയത്. അരക്കിലോ തൂക്കം വരുന്ന സ്വർണക്കുഴലുകളാണ് പിടിയിലായപ്പോൾ ഇവർ ശരീരത്ത് ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി മലേഷ്യയിൽ നിന്ന് എത്തിയ മലിൻഡോ എയർവേയ്സിലാണ് ഇവർ എത്തിയത്.
സ്വർണം ശരീരത്തിൽ ഒളിപ്പിച്ചുവെന്ന് മൊഴി നൽകിയതോടെ മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷം തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് സ്വർണം പുറത്തെടുക്കുകയായിരുന്നു.