mammotty

ജീവകാരുണ്യപ്രവർത്തനങ്ങളിലും സാമൂഹികവിഷയങ്ങളിലും കഴിഞ്ഞ 25 വർഷങ്ങളായി ആരുമറിയാതെ മമ്മൂട്ടി നടത്തുന്ന ഇടപെടലുകളെ കുറിച്ച് ഓർത്തഡോക്സ് സഭ ബിഷപ്പ് ഡോ. മാത്യൂസ് മാർ സേവേറിയോസ് നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിന്നു. കേരളത്തിൽ നടക്കുന്ന പത്തോളം ജീവകാരുണ്യ പദ്ധതികളുടെ അമരത്ത് മഹാനടനായ മമ്മൂട്ടിയാണെന്ന് പലർക്കും അറിയാത്ത വിഷയമായിരുന്നു. അതെല്ലാം കേരളത്തോട് ബിഷപ്പ് എണ്ണിപ്പറഞ്ഞത് കൈയടികളോടെയാണ് കേട്ടത്. ഇപ്പോഴിതാ അതേ വേദിയിൽ മമ്മൂട്ടിയുടെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കേരളം കേൾക്കുന്നത്. പരിപാടിയിൽ മമ്മൂട്ടി പറയുന്നത് ഇങ്ങനെ.

മമ്മൂട്ടിയുടെ വാക്കുകൾ

ബിഷപ്പ് ഈ വിവരങ്ങളൊക്കെ എവിടെ നിന്നോ സംഘടിപ്പിച്ചതാണ്. ഈ പറഞ്ഞതെല്ലാം മുഴുവൻ തെറ്റാണെന്ന് ഞാൻ പറയുന്നില്ല. ശരികളാണ്. പക്ഷേ ഇതൊക്കെ ഇത്ര വലിയ കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല. സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ, എനിക്ക് കഴിയും വിധം സഹായിക്കണം. അതിനുവേണ്ടി ചിലതൊക്കെ ചെയ്യണം അത്രമാത്രം.

പെയിൻ ആൻഡ് പാലിയേറ്റീവ് എന്ന ജീവകാരുണ്യ സംഘടനയുടെ തുടക്കം വർഷങ്ങൾക്ക് മുൻപാണ്. കോഴിക്കോട് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന സമയം. ഷൂട്ടിംഗ് കഴിഞ്ഞെത്തിയ എന്നെ കാത്ത് രണ്ടു ഡോക്ടർമാർ കാത്തിരിപ്പുണ്ടായിരുന്നു. ഡോ.രാജഗോപാലും ഡോ. സുരേഷും. കാര്യം തിരക്കിയപ്പോൾ അവർ പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന രണ്ടുപേരുടെ ചികിത്സാ സഹായത്തിനാണ് വന്നത്. സാറിന് അത് ചെയ്തുതരാമോ എന്ന്.അപ്പോഴാണ് പെയിൻ ആൻഡ് പാലിയേറ്റീവ് എന്ന സെസൈറ്റിയെ പറ്റി ഞാനറിയുന്നത്. ഇനി ചികിൽസിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലുള്ള രോഗികൾക്ക് പിന്നീടുള്ള പരിചരണമാണ് ഈ സംഘടനയുടെ ലക്ഷ്യം. വേദനയിൽ നിന്നും അവർക്ക് ആശ്വാസമാകുന്നതൊക്കെ ചെയ്യാനുള്ള ഒരു കൂട്ടായ്മ. അവരുടെ വാക്കിൽ നിന്നും മഹത്തായ ഈ ആശയം എനിക്ക് വല്ലാതെ ഇഷ്ടമായി. അവർ പറഞ്ഞ ആ രോഗികളുടെ ചികിൽസ ഞാൻ ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. അതിനൊപ്പം അവരോട് ഞാൻ ചോദിച്ചു. ഇതിനപ്പുറം ഞാൻ എന്തെങ്കിലും ചെയ്യണോ എന്ന്.

അവർ അതിന് നൽകിയ മറുപടിയാണ് ബിഷപ്പ് ഈ പറഞ്ഞ കാര്യങ്ങൾക്കൊക്കെ അടിസ്ഥാനം. അവരെന്നോട് ചോദിച്ചു. സാറിന് ഈ സംഘടനയുടെ രക്ഷാധികാരി ആകാമോ എന്നാണ്. സന്തോഷത്തോടെ ഞാൻ ആ ആവശ്യം സ്വീകരിച്ചു. സൊസൈറ്റിയുടെ പ്രവർത്തനത്തിന് പണം കണ്ടെത്താൻ കോഴിക്കോട് വച്ച് 'ഡിന്നർ വിത്ത് മമ്മൂട്ടി' എന്ന പേരിൽ ഒരു പരിപാടിയും സംഘടിപ്പിച്ചു. ആ പരിപാടിയിലൂടെ അന്ന് 12 ലക്ഷത്തോളം രൂപയാണ് പിരിഞ്ഞുകിട്ടിയത്. ഇതായിരുന്നു തുടക്കം. പിന്നീട് അതിങ്ങനെ വളർന്നു. എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാൻ ചെയ്തുപോരുന്നു. ഇതൊന്നും ഞാനാരോടും പറഞ്ഞുനടന്നില്ല. ഇപ്പോൾ ബിഷപ്പ് ഇത്രയും പറഞ്ഞതിന്റെ പേരിലാണ് ഞാൻ ഈ പറഞ്ഞത് തന്നെ' മമ്മൂട്ടി പറഞ്ഞു.