crime

ചെന്നൈ : മദ്യലഹരിയിൽ സഹതാരത്തെ മർദ്ദിച്ച് അവശനാക്കിയ തമിഴ് സിനിമാതാരം വിമലിനെതിരെ പൊലീസ് കേസെടുത്തു.
ചെന്നൈ വിരുമ്പാക്കത്തെ ഭാസ്‌കർ കോളനിയിലുള്ള അപ്പാർട്ട്‌മെന്റിലാണ് സംഘട്ടനമുണ്ടായത്. ഇവിടെ വാടകയ്ക്കായി മുറി അന്വേഷിച്ചെത്തിയ നടൻ അഭിഷേകിനെ മർദ്ദിച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. മുറി അന്വേഷിച്ച് അഭിഷേക് റിസപ്ഷനിൽ എത്തിയപ്പോൾ അവിടെ വിമലുമുണ്ടായിരുന്നു. റിസപ്ഷനിൽ സോഫയിലിരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്ന അഭിഷേക് വിമലിനെ വക വെക്കാതെ തന്റെ കോൾ കഴിയും വരെ കാത്തു നിൽക്കാൻ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടതോടെയാണ് താരങ്ങൾ തമ്മിൽ തർക്കം ആരംഭിച്ചത്. രണ്ട് പേരും അമിതമായി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൂട്ടുകാരെ വിളിച്ച് വരുത്തിയാണ് വിമൽ അഭിഷേകിനെ മർദ്ദിച്ചത്.

അഭിഷേകിന്റെ കണ്ണുകൾക്കും മുഖത്തിനും സാരമായി പരിക്കേറ്റു, ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിമൽ അഭിഷേകിനെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതോടെ പൊലീസ് അഭിഷേകിന്റെ പരാതിയിൽ കേസെടുത്തു. എന്നാൽ സംഭവ ശേഷം ഒളിവിൽ പോയ വിമലിനെ കണ്ടെത്താനാവാത്തതിനാൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. പസങ്ക, കളവാണി, കളകളപ്പ്, ഇവനുക്ക് എങ്കയോ മാച്ചം ഇരുക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിമൽ.