modi

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കോൺഗ്രസിന്റെ ആശയങ്ങൾ ഗാന്ധിയൻ ദർശനങ്ങൾക്ക് എതിരാണെന്നും 1947ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിടാൻ ഗാന്ധിജി ശ്രമിച്ചിരുന്നെന്നും നരേന്ദ്ര മോദി പറഞ്ഞു. ദണ്ഡിമാർച്ചിന്റെ 89ാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

അസമത്വവും ജാതി ഭിന്നിപ്പിക്കുന്നതും അംഗീകരിക്കാത്ത ആളായിരുന്നു ഗാന്ധിജി. എന്നാൽ സമൂഹത്തെ വിഭജിക്കുന്നതിൽ നിന്ന് കോൺഗ്രസ് ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. രാജ്യത്ത് വർഗീയ കലാപങ്ങളും ദളിത് കൂട്ടക്കൊലകളും നടന്നത് കോൺഗ്രസ് ഭരിക്കുന്ന കാലത്തായിരുന്നെന്നും മോദി ചൂണ്ടിക്കാട്ടി.

നമ്മൾ കണ്ട ഏറ്റവും ദരിദ്രനായ ഒരു വ്യക്തിയുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ ഗാന്ധിജിയാണ് നമ്മളെ പഠിപ്പിച്ചത്. അതിനാൽ, രാജ്യത്തെ ദാരിദ്ര്യത്തെ ഇല്ലാതാക്കി സമൃദ്ധി കൈവരിക്കുന്നതിനുള്ള പ്രവ‌ർത്തനങ്ങൾക്ക് നമ്മുടെ സർക്കാർ ഗൗരവമായ പരിഗണനയാണ് നൽകിയത്. എന്നാൽ കോൺഗ്രസ് ഭരിക്കുന്നകാലത്ത് അവരുടെ ബാങ്ക് അക്കൗണ്ടുകൾ നിറയ്ക്കാനാണ് ശ്രദ്ധിച്ചിരുന്നത്. ദരിദ്രരുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കേണ്ട തുകയിൽ നിന്ന് ആഡംബരജീവിതം നയിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും നരേന്ദ്ര മോദി ആരോപിച്ചു.