തിരുവനന്തപുരം: ഫെമിനിസവും സ്ത്രീ സ്വാതന്ത്ര്യവും സമൂഹത്തിൽ എല്ലാകാലത്തും ഏറെ ചർച്ചകൾക്ക് വിധേയമായിട്ടുള്ള വിഷയമാണ്. എന്നാൽ ഫെമിനിസത്തെക്കുറിച്ച് അദ്ധ്യാപികയായ ഗീത തോട്ടം എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
കുറിപ്പ് ഇങ്ങനെ...
ഫെമിനിഷ്ട്
ഡീ ത്രേസ്യേ പണ്ടൊക്കെ വീടുകളിൽ എന്തെങ്കിലും പ്രശ്നമൊണ്ടാരുന്നോ
ഒണ്ടാരുന്നെങ്കിത്തന്നെ അത് ഉമ്മറത്തേക്ക് എത്തുമാരുന്നോ
കെട്ടിയവൻ പണിയെടുത്ത് ഷാപ്പിൽ കൊടുത്തതിന്റെ ബാക്കി കൊണ്ടുവന്ന് എട്ടുപത്ത് പിള്ളേർക്കും പെണ്ണുമ്പിള്ളക്കും ചെലവിനു കൊടുക്കുവാരുന്നു.
ഒരു പിഞ്ഞാണം ചോറും എന്നതേലും നല്ല കൂട്ടാനും അയ്യാക്കടെ അവകാശമാരുന്നു.
അഞ്ചാറ് ഒണക്കക്കപ്പയോ, ആകെയൊണ്ടാരുന്ന നാഴി അരി തെളപ്പിച്ചതിൽ അയാളു തിന്നതിന്റെ ബാക്കിയിൽ മൊളകു പൊട്ടിച്ചോ ഉപ്പുമാങ്ങാ ഞരടിയോ വാട്ടത്തേങ്ങയുടെ ഒരു കൊത്തോ കൂട്ടി എല്ലാരും കൂടി ഒരു കലത്തീന്നു കൈയിട്ടുവാരി തിന്നുവാരുന്നു
മിച്ചമൊള്ള വറ്റില്ലാത്ത വെള്ളം ഒരൊറ്റ മോന്തിനകത്താക്കി പിഞ്ഞിക്കീറിയ ചട്ടേടെ ഒരത്തേ കിറി തൊടച്ച് പാ വിരിച്ച് കൊച്ചുങ്ങളെ തലങ്ങും വെലങ്ങും കെടത്തി ഏറ്റവും എളേതിന് മൊല കൊടുത്ത് ഭിത്തി ചാരി മയങ്ങുമ്പോഴാരിക്കും കെട്ടിയോന്റെ വിളി.
കൊച്ചിനെ പായുടെ അരികു ചേർത്ത് കെടത്തി ആകെയൊള്ള മെഴുക്കൊണങ്ങിപ്പിടിച്ച് തടി പോലായ ഒരു തലയെണ വലിച്ച് അതിന്റെ യോരത്ത് വച്ച് വെശപ്പുപോകാത്ത കാരണം മുണ്ടഴിച്ച് ഒന്നൂടെ മുറുക്കിയുടുത്ത് അയാക്കടെ അടുത്തേക്ക് പോവും.
ആ ചടങ്ങും തീർത്ത് പിന്നേം കൊച്ചുങ്ങടെ കൂടെ വന്ന് കെടക്കും.
മാസമൊറ തൊടങ്ങണേന് രണ്ടൂസം മുമ്പ് ഒരു വല്ലാത്ത വയറ് കടച്ചിലൊണ്ട് അന്നേരമാ തീരെ വയ്യ എന്നങ്ങേരോട് പറയണേ
ഒന്നേ പറഞ്ഞിട്ടൊള്ളൂ അടിനാവി കൂട്ടി ഒരു തൊഴിയും കേട്ടലറയ്ക്കണ തെറീം. രണ്ടീസം കഴിഞ്ഞ് വരാനിരുന്ന മാസമൊറ അന്നു രാത്രി തന്നെ വരും.
എന്നിട്ടും കടയണ അടിവയറും താങ്ങിപ്പിടിച്ച് അയ്യാക്ക് ഒണക്കക്കപ്പ തെകത്തീതും ചുട്ട മുള്ളനും കട്ടങ്കാപ്പീം ഒണ്ടാക്കിക്കൊടുത്തേ പിറ്റേന്ന് പണിക്ക് വിട്ടിരുന്നൊള്ളൂ.
വല്ലാണ്ട് ദെണ്ണം വരുമ്പം അടുക്കളപ്പൊറത്തേ തിണ്ണേ ചെന്നിരുന്ന് ഏങ്ങലടിക്കും.
അന്നേരം അമ്മായമ്മ ചോയ്ക്കും "നിനക്കിപ്പം എന്നാത്തിന്റെ കൊറവാടീ പട്ടി മോങ്ങണ പോലെ മോങ്ങാനായിട്ട്
ആണുങ്ങളാകുമ്പം രണ്ട് തല്ലീന്നൊക്കെ യിരിക്കും അത് കൊള്ളാനാ പെമ്പറന്നോത്തി. അല്ലാണ്ടവന് അയലോക്കത്ത് കേറി തല്ലാമ്പറ്റ്വോ?"
നേരാണല്ലോന്ന് ഞാനുമോർക്കും . മോന്തേം കഴുകി ബാക്കി പണിയെടുക്കും.
ങ്ഹാ അതൊരു കാലം !!
ഇന്നിപ്പം ഏറ്റോമെളേതിന്റെ മൂത്തവന്റെ പെണ്ണുമ്പിള്ള ഇംഗ്ലീഷിലേതാണ്ട് പ്രസങ്ങിച്ചോട്ട് കലി തുള്ളി പെട്ടീം തൂക്കി കാറേക്കേറിപ്പോണ കണ്ടു.
എന്നതാ കൊച്ചേന്നൊന്ന് ചോയ്ച്ചേന് "ദേ തള്ളേ എന്റെ വായീന്ന് വല്ലതും കേക്കണ്ടേ അടുക്കളേലെങ്ങാനും പോയ് കുത്തിയിരുന്നോ" എന്ന് ഒരമട്ടലും .
എളേവന്റെ കെട്ടിയോളാ പറഞ്ഞേ അവക്ക് പ്രസവിക്കാമ്പറ്റിയേലെന്നും പറഞ്ഞാ വഴക്കെന്ന്.
കല്യാണം കഴിക്കണേന് മുന്നേ അവനോട് പറഞ്ഞാരുന്നുപോലും.
അത് സമ്മതിച്ചേച്ചാ അവള് കല്യാണത്തിന് തയ്യാറായത്.
ഇപ്പം അവനൊരു കുഞ്ഞു വേണം ന്ന് .അത് പറഞ്ഞതിനാ അവള് തുള്ളിക്കോണ്ട് പോയത്. അവക്ക് ഇനീം ഏതാണ്ട് പഡിക്കാനൊണ്ടെന്ന്. അമേരിക്കായില് കോളർഷിപ്പൊക്കെ കിട്ടീട്ടൊണ്ട് അതിനെടക്ക് പേറും പെറപ്പും ഒന്നും ഒക്കത്തില്ല. പിള്ളേരെ വളത്താൻ അവക്ക് നേരോമില്ലത്രേ.!
ഇനീം നിർബന്ധിച്ചാ അവള് ഡൈവോഴ്സത്തിന് പോകൂന്ന്!
എഡീ എന്നു വച്ചാ ബന്തം പിരിക്കാനെക്കൊണ്ട് !
എന്റെ പിള്ളേ ഞാൻ തല പെരുത്ത് ഇരുന്നു പോയി ഇതെന്നതാ മക്കളേ ഇക്കേക്കണേന്ന് ചോദിച്ചപ്പം ഏളേവന്റെ പെണ്ണ് പറയ്യാ.
ചേച്ചീടെ ഭാഗത്താ ന്യായം പറഞ്ഞൊറപ്പിച്ച വാക്കു മാറിയാ ആരായേലും ഇതൊക്കെത്തന്നെ നടക്കുംന്ന്.
അവള് ഓ ...എന്നതാടീ അത്!! ങ്ഹാ ഫെമിനിഷ്ട് ആണു പോലും.
അമ്മച്ചീം ഫെമിനിഷ്ട് ആവേണ്ടതാരുന്നു എന്ന്.
എന്റെ ത്രേസിപ്പെണ്ണേ കെട്ടിയോളാണെന്നും വച്ച് തോന്നുമ്പം തോന്നുമ്പം കൂടെക്കെടക്കാനോ തുണി കഴുകാനോ വെച്ചൊണ്ടാക്കിക്കൊടുക്കാനോ ഒന്നും ഇപ്പഴത്തെ പെണ്ണുങ്ങളെ കിട്ടത്തില്ലെന്ന്.
അതാണെടിയേ
ഫെമിനിഷ്ട്
എടീ ത്രേസിയായേ
അലക്കും പെറുപ്പും ഒക്കെ പോട്ടെന്നു വയ്ക്കാം
മ്മക്ക് സവൂര്യമൊള്ളപ്പം കൂടെ കെടന്നാ മതീന്നൊള്ള പറച്ചിലില്ലേ
എന്നാ പശ്ട് പറച്ചിലാടീ അത്!
അതെനിക്കങ്ങ് പിടിച്ചു.
എത്രയാടീ സഹിച്ചേക്കണത്.
ഹൊ ഓർക്കുമ്പം ഇപ്പഴും അടിവയറ്റീന്ന് കടച്ചില് കേറിവന്നൊണ്ട്.
അതിയാൻ പോയത് നന്നായെടീ
അല്ലെങ്കി ഞാനും ചെലപ്പ
ഫെമിനിഷ്
ആയേനേമെടീ