ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മണ്ഡലമായ വാരണാസിയിൽ നിന്ന് തന്നെ ജനവിധി തേടുമെന്ന് റിപ്പോർട്ടുകൾ. 2014ലേത് പോലെ രണ്ട് മണ്ഡലങ്ങളിൽ നിന്നും മോദി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഒഡിഷയിലെ പുരി മണ്ഡലത്തിൽ നിന്ന് കൂടി മോദി മത്സരിക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾ തെറ്റാണെന്നും വാരണാസിയിൽ നിന്ന് മാത്രമേ അദ്ദേഹം മത്സരിക്കൂ എന്നുമാണ് ബി.ജെ.പി ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അടുത്തിടെ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിനോട് വ്യക്തമായി പ്രതികരിക്കാതിരുന്ന മോദിയാകട്ടെ മാദ്ധ്യമങ്ങൾക്ക് പിടിപ്പത് പണിയുണ്ടാകുമെന്നാണ് മറുപടി നൽകിയത്.
2014ലെ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വഡോദരയിൽ നിന്നും ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നുമാണ് മോദി മത്സരിച്ചത്. രണ്ട് സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തിന് ജയിച്ച അദ്ദേഹം വാരണാസി സീറ്റ് നിലനിർത്തുകയായിരുന്നു. എന്നാൽ ഇത്തവണ മോദി വാരാണാസിയിൽ നിന്ന് തന്നെ മത്സരിക്കുന്നതിനോടാണ് ബി.ജെ.പി പാർലമെന്ററി ബോർഡിനും കൂടുതൽ താത്പര്യം. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റ തിരിച്ചടിയും പുതിയ പ്രാദേശിക സഖ്യങ്ങളും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മോദിയെ ഇത്തവണ ഉത്തർപ്രദേശിൽ തന്നെ മത്സരിപ്പിക്കണമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം. മോദി മത്സരിച്ചാൽ മാത്രമേ ഉത്തർപ്രദേശിൽ നേട്ടമുണ്ടാക്കാനാവൂ എന്നാണ് കണക്കൂകൂട്ടൽ. ഏപ്രിൽ 11ന് തുടങ്ങുന്ന തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ മേയ് 19നാണ് വാരണാസിയിൽ വോട്ടിംഗ് നടക്കുന്നത്. രണ്ടാം സീറ്റ് വിഷയത്തിൽ ബി.ജെ.പി നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല.
അതേസമയം, ഒഡിഷയിലെ പുരി മണ്ഡലത്തിൽ നിന്നും ബി.ജെ.പി വക്താവ് സമ്പിത് പാത്ര മത്സരിക്കുമെന്നാണ് വിവരം. ടെലിവിഷൻ സംവാദങ്ങളിലെ മിന്നും താരമായ സമ്പിത് പാത്രയ്‌ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി അവസരം നൽകുമെന്നാണ് വിവരം. സ്ഥാനാർത്ഥികളുടെയും മണ്ഡലങ്ങളുടെയും കാര്യത്തിൽ ഈ ആഴ്‌ചയിൽ തന്നെ ബി.ജെ.പി കേന്ദ്രകമ്മിറ്റി തീരുമാനത്തിലെത്തുമെന്നാണ് വിവരം.